റവന്യൂ വകുപ്പിലെ തര്‍ക്കം മുറുകുന്നു;മന്ത്രിയെ വെല്ലുവിളിച്ച് നിലപാട് ആവര്‍ത്തിച്ച് എജിയും

തിരുവനന്തപുരം: തോമസ് ചാണ്ടി കേസില്‍ റവന്യൂ വകുപ്പും അഡ്വക്കറ്റ് ജനറലും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് എജിയാണെന്ന നിലപാട് ആവര്‍ത്തിച്ച് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് രംഗത്ത് വന്നു. സ്റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലെന്ന് എജിയുടെ ഓഫീസാണ്. ചട്ടങ്ങളില്‍ ഇക്കാര്യമുണ്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.അതേസമയം എജിക്കെതിരെ വീണ്ടും കാനം രാജേന്ദ്രന്‍ രംഗത്തെത്തി. സ്റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്. എജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസിലാകും. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്നും കാനം വ്യക്തമാക്കി. റവന്യൂ കേസുകളില്‍ അര് അഭിഭാഷകനെ നിശ്ചയിക്കമെന്ന അധികാര തര്‍ക്കമാണ് പൊട്ടിത്തെറിയിലെത്തിയത്. തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂമന്ത്രിയുടെ നിര്‍ദേശം എ.ജി തള്ളിയിരുന്നു. അഭിഭാഷകനെ നിശ്ചിക്കുന്നത് താനെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറല്‍ റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് എ.ജി പ്രതികരിച്ചു. ഇതോടെ എജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു.

അതേസമയം തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസിൽ റവന്യൂവകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ചുമതലപ്പെടുത്തിയ വിഷയത്തിൽ നിലപാട്ആവര്‍ത്തിച്ച് അഡ്വ. ജനറൽ സി.പി. സുധാകര പ്രസാദ്. കേസ് ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് എ.ജിയാണെന്നും സ്റ്റേറ്റ് അറ്റോർണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എ.ജിയുടെ ഒാഫീസ് അറിയിച്ചു. എ.ജിക്കുള്ള അധികാരം സംബന്ധിച്ച ചട്ടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു.

മന്ത്രിയുമായി ബന്ധപ്പെട്ട ലേക് പാലസ് കേസിലും കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വ. ജനറൽ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയിൽ ഹാജരായത് ഇദ്ദേഹമായിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിൽ കേസില്‍ സര്‍ക്കാരിന് വേണ്ടി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ജിക്ക് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം മാറ്റാൻ എ.ജിയുടെ ഒാഫീസ് തയാറായിരുന്നില്ല.കേസ് മാറ്റിക്കൊടുത്ത ചരിത്രം എ.ജിയുടെ ഒാഫിസിനില്ലെന്നും ഇത്തരം ഒരു വിവാദം ആദ്യത്തേതാണെന്നും എ.ജി മന്ത്രിയുടെ ആവശ്യത്തെ സൂചിപ്പിച്ച് പറഞ്ഞിരുന്നു. അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് എ.ജി ഓഫീസിന്‍റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും നേരത്തെ എ.ജി പ്രതികരിച്ചിരുന്നു.

Latest
Widgets Magazine