തിരിച്ചുപോകണമെന്ന തഹസില്‍ദാറുടെ നിര്‍ദേശം തള്ളി; ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥരെ തൃപ്തി ദേശായി അറിയിച്ചു

നെടുമ്പാശേരി വിമാനത്തില്‍ വന്നിറങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരിച്ചുമടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.വന്‍ പ്രതിഷേധമാണ് വിമാനത്താവളത്തിന് പുറത്ത് അരങ്ങേറുന്നത്.  ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥരെ തൃപ്തി ദേശായി അറിയിച്ചു.

തിരിച്ചുപോകണമെന്ന തഹസില്‍ദാറുടെ നിര്‍ദേശം തള്ളി.സിയാല്‍ എംഡിയുമായി പൊലീസ് കൂടിയാലോചന നടത്തുകയാണ് ഇപ്പോള്‍. പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനാവാത്ത രീതിയിലാണ് ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം നടക്കുന്നത്. മൂന്ന് ടാക്‌സികള്‍ വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല. ഇതിനിടെ കാര്‍ഗോ കൊണ്ടുവരുന്ന വഴിയിലൂടെ തൃപ്തിയെ കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായതോടെ പ്രതിഷേധം കനത്തു.

നിരവധിയാളുകളാണ് വിമാനത്താവളത്തിന് വെളിയില്‍ തൃപ്തി ദേശായി തിരിച്ച് പോകണമെന്ന ആവശ്യവുമായി നാമജപവുമായി പ്രതിഷേധിക്കുന്നത്. എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു.

വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്. വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സി കാറുകളുമായി രണ്ട് പേര്‍ ആദ്യം തയ്യാറായെങ്കിലും പിന്നീട് പ്രതിഷേധക്കാരെ ഭയന്ന് പിന്മാറുകയായിരുന്നു. സുഹൃത്തുക്കള്‍ വഴി വാഹനം എത്തിക്കാനുള്ള ശ്രമത്തിലാണുള്ളതെന്ന് തൃപ്തി വിശദമാക്കി. നേരത്തെ ശബരിമല സ്ന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷാ, താമസ, വാഹന സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് തൃപ്തി ദേശായി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വിശദമാക്കിയിരുന്നു. അതേസമയം കേരളത്തില്‍ ഒരിടത്ത് നിന്നും തൃപ്തി ദേശായിയുടെ ട്രിപ്പ് എടുക്കരുത് എന്ന് കേരളാ ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതൃത്വം അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് സംഘടനകളാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. കൊച്ചിയില്‍ മാത്രം രണ്ടായിരത്തോളം ടാക്‌സി വാഹനങ്ങളാണ് ഈ സംഘടനകളില്‍ ഉള്ളവരുടേതായി ഉള്ളത്.

ഒരുവിധ സംഘര്‍ഷത്തിനില്ലെന്നും തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ അനുവദിക്കാന്‍ അവസരമൊരുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൃപ്തി ദേശയിക്ക് പോലീസ് പ്രൊട്ടക്ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ തെരുമാനം എടുത്തിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വിശദമാക്കി.

Latest
Widgets Magazine