നടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു. ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി എടുത്തുപറഞ്ഞാണ് ആഷിഖ് അബു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഷെയ്‌ന്റെ ഭാഗത്ത് അപക്വമായ നടപടി ഉണ്ടായിട്ടുണ്ടെന്നും ആഷിഖ് പറഞ്ഞു. വിലക്ക് ഇല്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. അത് തീര്‍ന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ആഷിഖ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ബിപിസിഎല്‍ വില്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ എറണാകുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ ലോങ്മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആഷിഖ് അബു.
ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞത് …
ഷെയ്ന്‍ നിഗം ഒരു കാര്യം പറയുന്നു. എനിക്ക് വധഭീഷണിയുണ്ട്. ഈ വധഭീഷണി എന്നത് വളരെ ഗൗരവമുളള കാര്യമാണ്. അതിനെ മറച്ച് വെച്ചുകൊണ്ടാണ് ഇപ്പോഴുളള മുഴുവന്‍ ഡിസ്‌കഷന്‍ നടക്കുന്നത്. ഒരു പ്രൊഡ്യൂസര്‍ ഒരു നടനെ കാറിടിച്ച് കൊല്ലും എന്ന് പറയുന്നത് വളരെ ഗൗരവമുളള കാര്യമാണ്. അപ്പോ അതൊക്കെ മറന്നുപോയി, ഇപ്പോ വേറെ വിഷയത്തിലേക്ക് പോയി. വിഷയങ്ങള്‍ എല്ലാം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് സംസാരിച്ച് തീര്‍ക്കണം. ഫെഫ്ക അതില്‍ ഇടപെട്ടിട്ടുണ്ട്. സിനിമകള്‍ നിര്‍ത്തിക്കൊണ്ട് വളരെ ലാഘവത്തോട് കൂടിയാണ് അവര്‍ അതിനെ കാണുന്നത്. വിലക്കില്ല എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. തീര്‍ന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിന്റെ ഗൗരവം കുറച്ചുകണ്ടതാണ് പ്രശ്‌നം.
ഷെയ്ന്‍ നിഗത്തിനെ വിലക്കിയ നടപടിയില്‍ പരിഹാരം കാണാനായി അമ്മ ചര്‍ച്ച വിളിച്ചിട്ടുണ്ട്. അജ്മീര്‍ യാത്രയിലുളള ഷെയ്ന്‍ കൊച്ചിയില്‍ എത്തുന്നത് അനുസരിച്ചായിരിയ്ക്കും ചര്‍ച്ച. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിച്ച തീരുമാനം പിന്‍വലിക്കണമെന്നും ഇതിലെ നായകനായ ഷെയ്ന്‍ നിഗവുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഷെയ്ന്റെ വിലക്കുമായി ബന്ധപ്പെട്ട് താരസംഘടനയും നേരത്തെ നിര്‍മ്മാതാക്കള്‍ക്ക് കത്ത് കൈമാറിയിരുന്നു.