സിനിമാ താരങ്ങളെ കാണാന്‍ ജനം ഒഴുകിയെത്തിയതോടെ കല്ലാച്ചി ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കല്ലാച്ചിയിലെ പുതുതായി തുടങ്ങിയ ജ്വല്ലറി ഉദ്ഘാടനത്തിനാണ് സിനിമാ താരങ്ങള്‍ എത്തിയത്. സിനിമാ താരത്തെ കാണാനെത്തിയവരും ഗതാഗതകുരുക്കില്‍ കുടുങ്ങിയവരുമായി നിരവധി പേര്‍ വെയില്‍ കൊണ്ട് തലകറങ്ങി വീണു. ഗതാഗത തടസ്സം വരുത്തിയതിന് ജ്വല്ലറി ഉടമക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കല്ലാച്ചി ടൗണില്‍ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെയാണ് ഗതാഗത തടസ്സുണ്ടായത്. മെയിന്‍ റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിലാണ് സിനിമാ താരങ്ങളായ നമിത പ്രമോദും രജിഷാ വിജയനും എത്തിയത്.
പത്തര മണിക്ക് സിനിമാ താരങ്ങള്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 9 മണിക്ക് മുമ്പെ റോഡും പരിസരവും നിറഞ്ഞ് കവിഞ്ഞിരുന്നു. സമീപത്തെ കെട്ടിടത്തിന് മുകളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ സ്ഥാനം പിടിച്ചിരുന്നു. പന്ത്രണ്ടര മണിയോടെ താരങ്ങള്‍ ജ്വല്ലറിക്ക് മുമ്പില്‍ എത്തിയെങ്കിലും ജനത്തിരക്ക് മൂലം സിനിമാ താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.ഇതോടെ ജനങ്ങള്‍ വാഹനം വളഞ്ഞു.
പൊലീസ് എത്തി ഏറെ പാട് പെട്ടാണ് നടികളെ കാറില്‍ നിന്നും ഇറക്കിയത്.ഇതിനിടയില്‍ സ്ഥലത്ത് ഏറെ സമയം ഉന്തും തള്ളുമുണ്ടായി.രോഗികളെയും കൊണ്ട് വന്ന വാഹനങ്ങള്‍ ഏറെ സമയം ഗതാഗത കുരുക്കില്‍ വലഞ്ഞു. സിനിമാ താരങ്ങള്‍ വരുന്നതും മറ്റും പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് പൊലീസില്‍ നിന്നും വാക്കാല്‍ സമ്മതം ലഭിച്ചിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകളുമായി ബന്ധപ്പെട്ടുല്ല കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ എസ്‌ഐ എന്‍.ശ്രീജിത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കകയാണ്.
കേസ് ഒഴിവാക്കാന്‍ ജ്വല്ലറി ഉടമകള്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും എസ്.ഐവഴങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നാദാപുരത്തെ ജ്വല്ലറി ഉദ്ഘാടനത്തിന് സിനിമാ താരം എത്തിയത് മൂലം ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടിരുന്നു.പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടി വൈകിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പൊലീസിനെ അറിയിക്കാതെ ഇത്തരം പരിപാടി നടത്തിയതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.