ദില്ലി: ജമ്മുകാശ്മീരിലെ ബിജെപി നേതൃത്വത്തിനെതിരെ ആരോപണവുമായി പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തക രംഗത്ത്. സംസ്ഥാന നേതൃത്വം സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും അപമാനിക്കുന്നുവെന്നുമാണ് ബിജെപി വനിതാ നേതാവായ പ്രിയ ജരാലിന്റെ പരാതി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാരോട് വിട്ടുവീഴ്ച നടത്തിയാല്‍ മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ എന്ന് നേതാക്കന്മാരിലൊരാള്‍ തന്നോട് പറഞ്ഞുവെന്നാണ് പ്രിയയുടെ ആരോപണം. ഇയാളെ താന്‍ ചീത്ത വിളിച്ചുവെന്നും പ്രിയ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌നയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു പ്രിയ ജരാല്‍.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരണാനന്തര ചടങ്ങിനിടെയാണ് സംഭവം. രവീന്ദ്ര റെയ്‌നയോട് പരാതി പറഞ്ഞ പ്രിയയെ നേതാക്കന്മാരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുകയും ഇതല്ല ഇത്തരം ആരോപണങ്ങള്‍ക്കുള്ള വേദി എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍ പറയേണ്ടെന്ന് പലതവണ കരുതിയെന്നും ഇനി പറയാതിരിക്കാനാകില്ലെന്നുമായിരുന്നു പ്രിയയുടെ പ്രതികരണം.
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് നേതാക്കള്‍ക്ക് അറിയില്ല. അവര്‍ക്ക് സ്ത്രീകളോട് ബഹുമാനമില്ല. വാജ്‌പേയി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് സംസാരിച്ചിരുന്നതെന്നും താന്‍ എല്ലാം സഹിച്ച് മിണ്ടാതിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ റെയ്‌നയുടെ അടുത്തെത്തിയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തണമെന്ന് വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു.