ന്യൂഡല്‍ഹി: രാത്രി സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി മുസ്ലീം ലീഗ്. സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ ശാസന കണക്കിലെടുത്താണ് തീരുമാനം.നേത്യത്വത്തിന്റെ തീരുമാനം വനിതാ പ്രവര്‍ത്തകരെ അറിയിക്കുന്ന വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ ശബ്ദരേഖ പുറത്തായി. വൈകീട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന പൊതുപരിപാടികളിലൊന്നും സത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് നൂര്‍ബിന റഷീദ് വനിതാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാത്രി വിലക്ക് കര്‍ശനമാക്കിക്കൊണ്ടുള്ള തീരുമാനം വന്നത് എന്ന ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .
ഹഷീന്‍ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.ഇക്കാര്യം വനിതാ ലീഗ് നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശമായി നൂര്‍ബിന അറിയിച്ചു.യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ സമരത്തിലടക്കം വനിതാ ലീഗ് നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതിനെതിരെ സമസ്ത നേതാക്കള്‍ രംഗത്തെത്തിയതാണ് രാത്രി വിലക്കിന് കാരണം.
നേരത്തെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ തെരുവിൽ സമരത്തിന് ഇറങ്ങാൻ പാടില്ല. പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല – പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമർശിച്ച് കാന്തപുരം എപി വിഭാഗം സുന്നി നേതാവ് എപി അബൂബക്കർ മുസ്ല്യാർ പറഞ്ഞിരുന്നു .പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീ,പുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്‍റെ പ്രതികരണം.ഇപ്പോള്‍ സ്ത്രീകള്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ട സമയമായില്ലെന്നും ആവശ്യം വരുമ്പോള്‍ പറയാമെന്നും കാന്തപുരം പറഞ്ഞു.
എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം.പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ ഇസ്ലാമിക മുദ്രാവാക്യം മുഴക്കി ഭിന്നിപ്പ് ഉണ്ടാക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം പറഞ്ഞു .ഇത് ഇന്ത്യന്‍ ഭരണഘടനയെ നിലനിര്‍ത്താനുള്ള സമരമാണ്. അതുകൊണ്ട് മതപ്രശ്നത്തെ സമരത്തിലേക്ക് കൊണ്ടുവരിക പോലും ചെയ്യരുതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .