സെക്രട്ടേറിയറ്റിന്റെ താക്കോല്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അധികകാലം പിണറായി വിജയന് മുന്നോട്ട് പോകാനാകില്ലെന്ന് തിരുവഞ്ചൂര്‍

സെക്രട്ടേറിയറ്റിന്റെ താക്കോല്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അധികകാലം പിണറായി വിജയന് മുന്നോട്ട് പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആലപ്പുഴയില്‍ യുഡിഎഫ് കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. പിണറായിയുടെ നവോത്ഥാനം പി.കെ.ശശിയെ പിന്തുണക്കുന്ന നവോത്ഥാനമാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു. പ്രളയാനന്തര ഭരണസ്തംഭനത്തിലും വിശ്വാസികളോടുള്ള വഞ്ചനയിലും ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ച് യുഡിഎഫ് സെക്രട്ടറിയേറ്റും കലക്ട്രേറ്റുകളും ഉപരോധിക്കുകയാണ്. പുലര്‍ച്ചെ തുടങ്ങിയ സമരം അറസ്റ്റുവരിക്കുംവരെ തുടരും. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ യുഡിഎഫ് കലക്ടറേറ്റ് ഉപരോധത്തില്‍ പുലര്‍ച്ചെ തന്നെ സംഘര്‍ഷാവസ്ഥ ഉടലെത്തു. കാക്കനാട്ടെ കലക്ടറേറ്റ് സമുച്ചയത്തിന്റെ വടക്കേ കവാടം ഉപരോധിക്കാനെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് വാക്ക് തര്‍ക്കമുണ്ടായത്. കവാടത്തില്‍ കസേരയിടാന്‍ പറ്റില്ലെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത സിഐ നിലപാടെടുത്തു. എന്നാല്‍ ഇതംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പൊലീസിന്റെ വിലക്ക് മറികടന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കസേരയിട്ടിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞതോടെ വാക്കു തര്‍ക്കം രൂക്ഷമായി. പിന്നീട് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്തെത്തി കസേര ഇടാന്‍ അനുമതി നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്.

Top