ധാക്ക: സ്വന്തംനാട്ടില്‍ പട്ടിണിയും വംശീയപീഡനവും മൂലം നരകിച്ചുമരിക്കുന്നതിനേക്കാള്‍ കടലിലെ മുങ്ങിമരണമാണു ഭേദമെന്നു നബി ഹുെസെനു തോന്നി. രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കില്‍… പ്രതീക്ഷ മുഴുവന്‍ ബംഗ്ലാദേശിലാണ്. ആറുലക്ഷം പേര്‍ അഭയം തേടിയ മറുകര. പക്ഷേ, മരണമുഖത്തുകൂടി അഞ്ചുകിലോമീറ്റര്‍ കടലിടുക്ക് കടക്കണം.
നെഞ്ചില്‍ മഞ്ഞക്കന്നാസും ചേര്‍ത്തുപിടിച്ച് നാഫ് നദിയിലേക്കിറങ്ങുമ്പോള്‍ നാബി ഹുസൈന്‍ കരയുകയായിരുന്നു. അവനെ മനസ്സില്ലാമനസ്സോടെ യാത്രയാക്കി മാതാപിതാക്കളും കണ്ണീര്‍വാര്‍ത്തു. നദിയുടെ തണുപ്പിലേക്ക് ആ പതിമ്മൂന്നുകാരന്‍ ഒഴുകി നീങ്ങി.
നാബിക്ക് നീന്തല്‍ അറിയില്ലായിരുന്നു. അന്നോളം അവന്‍ കടല്‍ കണ്ടിട്ടില്ലായിരുന്നു. പക്ഷേ, പീഡകള്‍ നിറഞ്ഞ മ്യാന്‍മാറില്‍ നിന്ന് അവന് എങ്ങനെയും രക്ഷപ്പെട്ടേ മതിയാകുമായിരുന്നുള്ളൂ. കടല്‍ അവനെ കാത്തു. കാറ്റ് അവന് അനുകൂലമായി വീശി. ഇന്നവന്‍ ജീവിച്ചിരിക്കുന്നു. ബംഗ്ലാദേശിലെ ഷാ പോരിര്‍ ദ്വീപില്‍. തന്റെ ജീവന് അവന് കടപ്പാട് ആ മഞ്ഞക്കന്നാസിനോടാണ്. ഒരിക്കല്‍ എണ്ണനിറച്ചുവെച്ചിരുന്ന കന്നാസിനോട്.
മ്യാന്‍മാറിലെ മലനിരകളിലെ ഗ്രാമത്തിലാണ് നാബി വളര്‍ന്നത്. അടയ്ക്കയും വെറ്റിലയും കൃഷി ചെയ്താണ് പിതാവ് അവനെയും എട്ട് സഹോദരങ്ങളെയും പോറ്റിയത്. മൂന്നു സഹോദരങ്ങള്‍ അവനെക്കാള്‍ മൂത്തവര്‍. സ്‌കൂള്‍ കണ്ടിട്ടില്ല നാബി.
രണ്ടുമാസം മുമ്പാണ് അവന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. റോഹിംഗ്യകളിലെ ചിലര്‍ സുരക്ഷാസേനയെ ആക്രമിച്ചെന്നു പറഞ്ഞ് പട്ടാളം അവന്റെ ഗ്രാമത്തിലുമെത്തി. ആക്രമണമഴിച്ചുവിട്ടു. പുരഷന്മാരെ കൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. തന്റെ ഗ്രാമം കത്തുന്നത് നാബി കണ്ടു. അവന്‍ ഗ്രാമം വിടുമ്പോള്‍ എല്ലാ വീടുകളും കത്തുകയായിരുന്നു.
നാബിയും കുടുംബവും തീരം ലക്ഷ്യമാക്കി നടന്നു. അവര്‍ നടന്നുപോയ വഴികളില്‍ മൃതദേഹങ്ങള്‍ കിടന്നിരുന്നു. നാഫ് നദിയുടെ കരയില്‍ അവരെത്തുമ്പോള്‍ അവരെപ്പോലെയുള്ള റോഹിംഗ്യകളും അക്കര കടക്കാന്‍ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ കുടുംബത്തെപ്പോലെ അവരുടെ ൈകയിലും പണമുണ്ടായിരുന്നില്ല. ബംഗ്ലാദേശിലേക്ക് ആളെക്കൊണ്ടുപോകുന്ന ബോട്ടുകാരും മനുഷ്യക്കടത്തുകാരും പണമില്ലാത്തവരെ ൈകയൊഴിഞ്ഞു.
കൈവശമുള്ള ആഹാരം നാള്‍ക്കുനാള്‍ തീര്‍ന്നുവന്നു. നാലുദിവസം നദിക്കരയില്‍ക്കഴിഞ്ഞ നാബി മാതാപിതാക്കളോടു പറഞ്ഞു, അക്കരയ്ക്ക് നീന്തുകയാണെന്ന്. അവര്‍ സമ്മതിച്ചില്ല. നാടുവിട്ട് രണ്ടുമാസം മുമ്പ് ബംഗ്ലാദേശിലേക്ക് പോയതാണ് അവന്റെ മൂത്ത സഹോദരന്‍. അയാളെവിടെയെന്ന് ഒരുവിവരവുമില്ല. അതുമാത്രമല്ല, മാതാപിതാക്കളെ ആധിപിടിപ്പിച്ചത്. ഒഴുക്കുള്ള നാഫ് നദി നാബിയെ കടലിലേക്ക് കൊണ്ടുപോയാലോയെന്ന് അവര്‍ പേടിച്ചു.
ഒറ്റയ്ക്ക് പോകില്ലെന്നു പറഞ്ഞ് അവന്‍ അവരെ സമ്മതിപ്പിച്ചു. അങ്ങനെ മറ്റ് 23 പേര്‍ക്കൊപ്പം അവനും നദിയിലിറങ്ങി. മുമ്മൂന്നുപേരുടെ സംഘമായി. നെഞ്ചില്‍ മഞ്ഞക്കന്നാസും ചേര്‍ത്തുവെച്ച് അവനെ നടുക്കുനിര്‍ത്തി അവനെക്കാള്‍ മൂത്തരണ്ടുപേര്‍ ഇരുവശവും നിന്നു. മൂവരും കയര്‍കൊണ്ട് പരസ്പരം ചേര്‍ത്തുകെട്ടി. ഒഴുക്ക് ബംഗ്ലാദേശ് ഭാഗത്തേക്കായപ്പോള്‍ അവര്‍ നദിയിലിറങ്ങി. കാറ്റ് അവര്‍ക്ക് അനുകൂലമായിരുന്നു.
സൂര്യനസ്തമിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ഷാ പോരിര്‍ ദ്വീപിലെത്തി. നാബി തളര്‍ന്നിരുന്നു. വിശപ്പും ദാഹവും. കിടന്നത് വെള്ളത്തിലാണെങ്കിലും ഇടയ്ക്കൊക്കെ വെള്ളം കുടിച്ചെങ്കിലും വെയിലേറ്റ് ശരീരത്തിലെ ജലാംശവും നഷ്ടപ്പെട്ടിരുന്നു.
ഇന്ന് നാബി ബംഗ്ലാദേശിലെ റോഹിംഗ്യന്‍ കുട്ടികള്‍ക്കൊപ്പമാണ്. അവനെപ്പോലെ അച്ഛനമ്മമ്മാരോ സഹോദരങ്ങളോ ഒപ്പമില്ലാത്ത 40,000 കുട്ടികളുണ്ടിവിടെ. അവന് ഒരാഗ്രഹമേയുള്ളൂ. മാതാപിതാക്കളെ വേണം; ഒപ്പം സമാധാനവും.