ഗുഡ്ഗാവില്‍ ശാരീരികപീഡനത്തിനിരയായ 14കാരിയെ മോചിപ്പിച്ചു

ഗുഡ്ഗാവ്:ഗുഡ്ഗാവില്‍ കൃഷ്ണനഗര്‍ കോളനിയിലെ വീട്ടിലെ ജോലിക്കാരിയായ 14കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. പീഡന വിവരമറിഞ്ഞ് പൊലീസും ;ശക്തി വാഹിനി’ എന്ന എന്‍.ജി.ഒയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മോചിപ്പിക്കാനായത്. ജാര്‍ഖണ്ഡിലെ ഗുലയിലെ ഗോത്രവര്‍ഗക്കാരി ആറു മാസമായി സാഗര്‍ ജെയിന്‍ എന്ന ബിസിനസുകാരന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. കുട്ടിയെ സ്ഥിരമായി ശാരീരിക പീഡനത്തിനിരയാക്കിയ ജെയിനും ഭാര്യ സംഗീതയും ശമ്പളം പോലും നല്‍കിയിരുന്നില്ല. ദിവസവും രണ്ട് റൊട്ടി മാത്രമാണ് ആഹാരമായി നല്‍കിയത്. തങ്ങളുടെ ഇരട്ടക്കുട്ടികളെ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ പെണ്‍കുട്ടിയെ പതിവായി തല ചുമരില്‍ ഇടിപ്പിക്കുക, പൊള്ളലേല്‍പ്പിക്കുക, കത്തി കൊണ്ട് മുറിവേല്‍പ്പിക്കുക തുടങ്ങിയ ശിക്ഷകള്‍ക്ക് വിധേയമാക്കിയിരുന്നു. പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. വിവരമറിഞ്ഞെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും വീട്ടുകാര്‍ ശ്രമിച്ചു. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ ശരീരമാകെ ക്രൂരമായ മുറിവുകളോടെ അബോധാവസ്ഥയില്‍ അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മാവനാണ് വീട്ടുജോലിക്കായി കുട്ടിയെ ഇവര്‍ക്ക് കൈമാറിയത്. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ദേശീയ വനിതാ ശിശുക്ഷേമ കമ്മിഷന്‍ വിഷയത്തിലിടപെട്ടിട്ടുണ്ട്.കുറച്ചുനാല്‍ മുന്‍പ് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ രണ്ട് നേപ്പാള്‍ യുവതികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.

Top