കോട്ടയം : 19 കാരനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവിനെയാണ് തല്ലിക്കൊന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്.
നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ ഉള്ള കെ ടി ജോമോനാണ് നാടിനെ ഞെട്ടിച്ച കൊല നടത്തിയത്. ഇന്നു പുലർച്ചെ 4 മണിക്കാണ് സംഭവം നടന്നത്. ഇന്നലെ രാത്രി ജോമോൻ, ഷാൻ ബാബുവിനെ ഓട്ടോയിൽ കൂട്ടിക്കൊണ്ടു പോയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഷാനിനെ കൊന്നു എന്ന് പറഞ്ഞ് ജോമോൻ പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയുടെ പേരിൽ നേരത്തെ കഞ്ചാവ് കേസുൾപ്പെടെ ചുമത്തിയിട്ടുണ്ട്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ടു തന്നെയാണ് ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയത് എന്നാണ് സൂചന.
നിരന്തരമായ മർദനത്തെ തുടർന്നാണ് ഷാൻ ബാബു മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരങ്ങൾ.