പതിനാറുകാരിയെ കൊലപ്പെടുത്തിയത് പിതാവിന്റെ സുഹൃത്ത്: രണ്ട് വിവാഹം കഴിച്ച പ്രതി കുട്ടിയുമായി സൗഹൃദത്തിലായി, പിന്നീട് ഫോണ്‍വിളിയും

കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്നും പതിനാറുവയസുകാരിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വരികയാണ്. കൊല ചെയ്തത് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ അജേഷ് ആണെന്ന് പോലീസ് പറയുന്നു. ക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം തന്റെ താമസസ്ഥലത്ത് തന്നെ പ്രതി ഒന്നും അറിയാത്ത മട്ടില്‍ നടന്നു. വെള്ളിയാഴ്ച വൈകിട്ട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മാത്രമാണ് ആ ലയത്തില്‍ തന്നെ കുടുംബത്തോടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പോലും സംഭവം അറിഞ്ഞത്.

വ്യാഴാഴ്ച അജേഷിനെ കാണാന്‍ പെണ്‍കുട്ടി മുറിയില്‍ എത്തിയിരുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. ഇഷ്ടികക്കളത്തിനോട് ചേര്‍ന്നാണ് അജേഷിന്റെ മുറി. ഇതിനു തൊട്ടു ചേര്‍ന്നു തന്നെ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്നുണ്ട്. ഇഷ്ടിക നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മുറിയ്ക്കുള്ളില്‍ എന്ത് ബഹളമുണ്ടായാലും പുറത്ത് അറിയില്ല. ഏതു സമയത്തും മദ്യലഹരിയിലായിരുന്ന പ്രതി നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നതായി പൊലീസ് പറയുന്നു.

അജേഷ് ആദ്യം മണര്‍കാട് സ്വദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചത്. ഇവരില്‍ രണ്ട് മക്കളുണ്ട്. ആദ്യഭാര്യയെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം ചെയ്തു. ആറു മാസം മുന്‍പ് അവരെയും ഉപേക്ഷിച്ചു.

മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തിയത് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരാണ് തടിച്ചു കൂടിയത്. തെളിവെടുപ്പിനു ശേഷം ജീപ്പില്‍ കയറ്റാനായി കൊണ്ടു വന്ന പ്രതിക്കു നേരെ നാട്ടുകാര്‍ അസഭ്യ വര്‍ഷം നടത്തി.

Top