സ്റ്റോക്‌ഹോം: 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയൽ രാജ്യമായ എരിത്രിയയുമായി സമാധാനം പുനസ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾക്കാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് അവാർഡിന് പരിഗണിച്ചവരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ഒടുവിൽ തിരഞ്ഞെടുത്തത്.
അയൽരാജ്യമായ എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ അബി അഹമ്മദ് നിർണ്ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്ന് ജൂറി വിലയിരുത്തി. ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാനത്തിനുള്ള ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും നൊബേൽ സമിതി വിലയിരുത്തി.
ഈ പുരസ്കാരത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്നും ജൂറി വ്യക്തമാക്കി. എറിത്രിയയുമായി അബി അഹമ്മദ് സമാധാനകരാര്‍ ഉണ്ടാക്കിയിരുന്നു. 20 വര്‍ഷത്തെ വൈരം അവസാനിപ്പിച്ചാണ് സമാധാന കരാര്‍ ഒപ്പിട്ടത്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം. മുസ്ലിം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകനായി ജനിച്ച അബി അഹമ്മദില്‍ ചെറു പ്രായത്തില്‍ തന്നെ സഹിഷ്ണുതയുടെ മൂല്യങ്ങള്‍ വേരുറപ്പിച്ചിരുന്നു.
2018 ഏപ്രില്‍ 2 നാണ് എത്യോപ്യയിലെ പ്രധാനമന്ത്രിയായി അബി അഹമ്മദ് ചുമതലയേറ്റത്. അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ദേശീയ ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം, വളര്‍ച്ച പ്രധാനം ചെയ്യുക, പ്രാദേശിക സംയോജനം എന്നിവ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പ്രതിഫലിച്ചിരുന്നത്.
223 വ്യക്തികളും 78 സ്ഥാപനങ്ങളുമായി 301 പേരുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് പുരസ്കാരത്തിന് പരിഗണിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.ഒരാളുടെ പ്രവൃത്തി കൊണ്ടു മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ അബി വളരെയധികം പ്രയത്നിച്ചു എന്നാണ് നൊബേൽ പുരസ്‌കാര സമിതി വിധിനിർണയത്തെ വിലയിരുത്തിയത്.