രസതന്ത്ര നോബേലും മുന്ന് പേര്‍ക്ക്: ഡിഎന്‍എയുടെ അതിജീവന തന്ത്രം കണ്ടെത്തിയവര്‍ക്ക്

സ്റ്റോക്ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്.  കോശങ്ങള്‍ ഡി.എന്‍.എയുടെ കേടുപാടുകള്‍ തീര്‍ത്ത് ജനിതക വിവരങ്ങള്‍ സംരക്ഷിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചതാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.സ്വീഡൻ ശാസ്ത്രജ്ഞൻ തോമസ് ലിൻഡാൾ, അമേരിക്കക്കാരനായ പോൾ മോഡ്രിക്, തുര്‍ക്കിയില്‍ ജനിച്ച അസീസ് സൻകർ എന്നിവരാണ് 6.25 കോടി രൂപയുള്ള നോബൽ സമ്മാനം പങ്കുവച്ചത്.ഡിഎൻഎകളിൽ കോശങ്ങൾ നടത്തുന്ന കേടുപാട് തീർക്കലുകളെ കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. തകരാറിലാവുന്ന ഡിഎന്‍എ ഘടനയെ കോശങ്ങള്‍ എങ്ങനെ ശരിയാക്കുന്നുവെന്നാണ് ഇവര്‍ മുഖ്യമായും പഠിച്ചത്. ജീവശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഡീ ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്(ഡി.എൻ.എ)കൾക്ക് കേടുപാട് സംഭവിക്കാറുണ്ട്.3 nobel chemistry

കോശങ്ങള്‍ തന്മാത്രാതലത്തില്‍ എങ്ങനെ ഡിഎന്‍എ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നു എന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഇതിലൂടെ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ കോശങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വന്നു. നിര്‍ണായകമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ബുദ രോഗചികിത്സയില്‍ ഏറെ മുന്നേറ്റം നടത്താന്‍ ശാസ്ത്രലോകത്തിനു സാധിച്ചത്.

അള്‍ട്രാവയലറ്റ് കിരണങ്ങളേറ്റും ധാതുശോഷണത്തിലൂടെയും ഹാനികരമായ മറ്റു പദാര്‍ത്ഥങ്ങളിലൂടെയും ദിനംപ്രതി ഡിഎന്‍എയ്ക്ക് തകരാറുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഡിഎന്‍എ തന്മാത്രകളെ സുരക്ഷിതമായി പഴയ പടി നിലനിര്‍ത്താന്‍ കോശങ്ങളുടെ പ്രവര്‍ത്തനം മൂലം സാധിക്കുന്നു.

ബ്രിട്ടനിലെ ക്ലെയര്‍ ഹാള്‍ ലബോറട്ടറീസിലെ അര്‍ബുദ ഗവേഷണ വിഭാഗത്തിലെ എമിററ്റസ് ഡയറക്ടറാണ് എഴുപത്തേഴുകാരനായ തോമസ് ലിന്‍ഡാല്‍. യു.എസിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലകനായ പോള്‍ മോഡ്രിച്ച് (69) മെഡിക്കല്‍ ഗവേഷണരംഗത്തെ പ്രശസ്തനാണ്. തുര്‍ക്കിയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമുള്ള അസീസ് സന്‍സാര്‍ (69) യു.എസിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറാണ്.

ജീവജാലങ്ങളുടെ  വളര്‍ച്ചയും ഘടനയും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള ജനിതക വിവരങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂക്ലിക് അമ്ലമാണ് ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡിഎന്‍എ അഥവാ ഡിയോക്‌സിറൈബോ ന്യുക്ലിക്ക് ആസിഡ്. ജനിതക വിവരങ്ങള്‍ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറുന്നത് ഡിഎന്‍എയാണ്. ജനിതകവിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുക എന്നതാണ് ഡിഎന്‍എയുടെ പ്രധാന ദൗത്യം. ഡിഎന്‍എയുടെ കണ്ടുപിടിത്തത്തോടെയാണ് ജനിതകകോഡും ജീവിവര്‍ഗങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളും ശാസ്ത്രലോകത്തിനു മുന്നില്‍ വെളിപ്പെട്ടത്.

ഡിഎന്‍എയില്‍ വരുന്ന തകരാറുകള്‍ മിക്കപ്പോഴും ശരീരം സ്വയം നിര്‍ധാരണം ചെയ്യുന്നത് ഇക്കാലമത്രയും ഒരു പ്രഹേളികയായിരുന്നു. ശരീരത്തിലെ കോശങ്ങള്‍തന്നെയാണ് ഇതു ചെയ്യുന്നതെന്നും ഈ പ്രവര്‍ത്തനം എങ്ങനെയാണ് നടക്കുന്നതെന്നുമായിരുന്നു മൂവര്‍ സംഘത്തിന്റെ പഠനലക്ഷ്യം.

ഡിഎന്‍എയുടെ ഘടനയിലും അളവിലും പുലര്‍ത്തുന്ന വൈവിധ്യമാണ് ഓരോ ജീവിവര്‍ഗത്തെയും മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമാക്കുന്നത്. ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡിഎന്‍എ ഘടനയുടെ കണ്ടുപിടുത്തമായിരുന്നു. ജനിതകകോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്. ഒരു പടി കൂടി മുന്നേറി കോശങ്ങള്‍ക്ക് എങ്ങനെ ഡിഎന്‍എയെ നിലനിര്‍ത്താനാവുമെന്നതു കൂടി ഇപ്പോള്‍ മനുഷ്യനു മുന്നില്‍ തെളിഞ്ഞു.
ഇവയുടെ കേടുപാടുകൾ കോശങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നത് സംബന്ധിച്ച വിശദീകരണം കാൻസർ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾക്ക് ഉതകുന്നതാണെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.

Top