നാദിയ മുറാദിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്..ഇരുപത്തൊന്നാം വയസില്‍ ഐ.എസ്‌. തടവറയില്‍; മൂന്നുമാസം കൂട്ടമാനഭംഗം.. ബാക്കി കിട്ടിയ ജീവനുമായൊരു രക്ഷപ്പെടല്‍.നോബല്‍ സമ്മാനത്തിലെത്തിയ നാദിയ മുറാദ്‌ എന്ന പോരാട്ടവീര്യം

ന്യുഡൽഹി:ഭീകരത അതിന്റെ മുഴുവൻ പൈശാചികതയോടുംകൂടി വേട്ടയാടിയ 23കാരിയായ യുവതിയാണ് നാദിയ മുറാദ്.ഓരോദിവസവും ഉണരുന്നതുതന്നെ മാനഭംഗത്തിലേക്ക്‌. 2014ൽ മുറാദിനെ ഐഎസ് ഭീകർ പിടികൂടുന്ന സമയത്ത് അവളുടെ ആറ് സഹോദരൻമാരെയും അമ്മയെയും അവർ വെടിവച്ച് കൊലപ്പെടുത്തി. തുടർന്നുള്ള മൂന്ന് മാസക്കാലം ക്രൂരമായ ശാരീരിക പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും നാദിയ ഇരയായി. ഒരിക്കൽ രക്ഷപെടാൻ ശ്രമിച്ച സമയത്ത് പിടിക്കപ്പെട്ട നാദിയായെ ബോധം മറയുന്നത് വരെ ഭീകരർ ബലാത്കാരത്തിനിരയാക്കി. ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള അന്തസ്സിനെ കവർന്നെടുക്കാൻ ശ്രമിച്ച ഭീകരതയ്ക്ക് കീഴടങ്ങാൻ പക്ഷെ നാദിയ മുറാദ് ഒരുക്കമായിരുന്നില്ല.

ഇരുപത്തിയൊന്നാം വയസില്‍ ഐ.എസ്‌. തടവറയിലെത്തിയതാണു നാദിയ മുറാദ്‌. അവിടെ മൂന്നു മാസത്തോളം അടിമയാക്കപ്പെട്ടു. കൊടിയ മര്‍ദനത്തിനിരയായി. അരണ്ട വെളിച്ചത്തില്‍ പലരും ചേര്‍ന്നു കൂട്ടമാനഭംഗത്തിനിരയാക്കി. നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. ഒടുവില്‍ എല്ലാം നഷ്‌ടപ്പെട്ടു ബാക്കി കിട്ടിയ ജീവനുമായൊരു രക്ഷപ്പെടല്‍. അവിടെ തുടങ്ങുന്നു, നാദിയ മുറാദ്‌ എന്ന പോരാട്ടവീര്യത്തിന്റെ ഉത്ഭവം. നാലു വര്‍ഷത്തിനിപ്പുറം സമാധാന നൊബേല്‍ എന്ന അംഗീകാരനിറവില്‍ എത്തുമ്പോഴും, ആ പുരസ്‌കാരം മുറാദിനു നീറുന്ന ചില ഓര്‍മപ്പെടുത്തലാണ്‌.

2014 ഓഗസ്‌റ്റ്‌. വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തിലേക്ക്‌ ഇസ്ലാമിക്‌ ജിഹാദികള്‍ ഇരച്ചുകയറുന്നതുവരെ മുറാദിന്റെ ലോകം സുന്ദരമായിരുന്നു. വെളുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടി. ബ്രൗണ്‍ നിറത്തിലുള്ള തലമുടി. വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം ശാന്തമായിരുന്നു. പക്ഷേ, കറുത്ത കൊടി പാറിച്ചു ജിഹാദി ട്രക്കുകളും പിക്കപ്പ്‌ വാനുകളും ആ വഴി വന്നതോടെ അവളുടെ ലോകം മാറി. മറ്റനേകം യസീദി പെണ്‍കുട്ടികളുടേതുപോലെ തന്നെ.

ഐ.എസ്‌. പോരാളികള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. തെരുവില്‍ അവര്‍ മുന്നൂറോളം ആണുങ്ങളുടെ തലയറുത്തു മുന്നേറി. അതില്‍ മുറാദിന്റെ സഹോദരന്മാരുമുണ്ടായിരുന്നു. എട്ടുസഹോദരന്മാരില്‍ ആറുപേരുടെയും തലയറുത്തത്‌ അവളുടെ കണ്‍മുന്നിലായിരുന്നു. മുറാദിനെയും രണ്ടു സഹോദരിമാരെയും അവരുടെ ബന്ധുക്കളായ പെണ്‍കുട്ടികളെയും ഭീകരര്‍ ബലമായി പിടിച്ചുകൊണ്ടുപോയി, ലൈംഗിക അടിമയാക്കാന്‍. പ്രായമായ അമ്മയെക്കൊണ്ടു പ്രയോജനമില്ലെന്നു കണ്ട്‌ അവരെ വെടിവച്ചുകൊന്നു. മുറാദിനെ അവര്‍ പിടിച്ചുകൊണ്ടുപോയത്‌ മൊസൂളിലേക്കായിരുന്നു. ഐ.എസ്‌. സ്വയം പ്രഖ്യാപിച്ച സാമ്രാജ്യത്തിന്റെ ശക്‌തിദുര്‍ഗത്തിലേക്ക്‌. അവിടെയെത്തിയതും ഭീകരതയുടെ കോട്ടയിലകപ്പെട്ടു അവള്‍.nobel-NADIA

ആയിരക്കണക്കിനു യസീദി സ്‌ത്രീകളെയാണു ഒരു കെട്ടിടത്തിനുള്ളില്‍ പാര്‍പ്പിച്ചിരുന്നത്‌. അവരെ പലര്‍ക്കും കൈമാറി. വലിയ തടിച്ചുകൊഴുത്തൊരാള്‍ മുറാദിനെ കൂട്ടിക്കൊണ്ടുപോയി. അലറി വിളിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ ചവിട്ടി നിലത്തിട്ടു. തല്ലിച്ചതച്ചു. പിന്നെ മാനം കവര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മെലിഞ്ഞ മറ്റൊരാള്‍ മുറിയിലേക്കു വന്നു. അയാള്‍ വസ്‌ത്രങ്ങള്‍ അഴിപ്പിച്ചു. മേക്കപ്പ്‌ ഇടുവിച്ചു. അതും ഭീകരമായ മറ്റൊരു രാത്രി…

രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്‌. അപ്പോഴേയ്‌ക്കും ഗാര്‍ഡുകള്‍ പിടികൂടി. അവര്‍ ഒരു മുറിക്കുള്ളില്‍ പൂട്ടി. അതിനകത്തുവച്ച്‌ അവള്‍ ബോധംകെട്ടു വീഴുംവരെ അവര്‍ ഉപദ്രവിച്ചു. പിന്നീടങ്ങോട്ടു കൂട്ടമാനഭംഗത്തിന്റെ ദിനങ്ങളായിരുന്നു. ഇരയെ പലരും പല തവണ വേട്ടയാടി. ഓരോദിവസവും ഉണരുന്നതുതന്നെ മാനഭംഗത്തിലേക്ക്‌. മരിച്ച അമ്മയെയും സഹോദരങ്ങളെ കൂടി അവള്‍ക്ക്‌ ഓര്‍ക്കാന്‍ പറ്റിയില്ല. ജീവിച്ചിരുന്നവര്‍ അത്രയ്‌ക്കു വേട്ടയാടപ്പെടുന്ന ദിനങ്ങളായിരുന്നു അത്‌.യസീദി സ്‌ത്രീകളോടു കൊടുംപകയായിരുന്നു ജിഹാദികള്‍ക്ക്‌. കുര്‍ദിഷ്‌ ഭാഷ സംസാരിക്കുന്ന അവരെ നിര്‍ബന്ധിച്ച്‌ ഇസ്ലാം മതത്തിലേക്കു മാറ്റുന്നതില്‍ ജിഹാദികള്‍ ആനന്ദം പൂണ്ടു. പലരെയും അടിമച്ചന്തയില്‍ വിറ്റു.

മറ്റു പലരെയും ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്‌തു. അങ്ങനെയൊരു ദുര്‍വിധിയാണു നാദിയ മുറാദിനെയും കാത്തിരുന്നത്‌. ജിഹാദികളിലൊരാള്‍ കൈക്കരുത്തിലൂടെ അവളെ ഭാര്യയാക്കി. അടിച്ചും മര്‍ദിച്ചും അവളെ ഇംഗിതത്തിന്‌ ഇരയാക്കി. ചോരയുടെ ഗന്ധം വീര്‍പ്പുമുട്ടിച്ച നാളുകള്‍. എങ്ങും വെടിയൊച്ച. എങ്ങനെയും രക്ഷപ്പെടാന്‍ മനസു കൊതിച്ചു. ഒടുവില്‍ അതു സാധിച്ചു. മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ തടവില്‍നിന്ന്‌ ഒളിച്ചോടി. കള്ളരേഖകളുടെ ബലത്തില്‍ കുറേ കിലോമീറ്ററുകള്‍ താണ്ടി കുര്‍ദിസ്‌താന്‍ പ്രവിശ്യയിലെത്തി. യസീദി സ്‌ത്രീകളുടെ ക്യാമ്പില്‍ അഭയം തേടി.

അവിടുന്നങ്ങോട്ട്‌ മുറാദ്‌ നടന്നത്‌ പ്രതിരോധത്തിന്റെ കരുത്തിലേക്കായിരുന്നു. യസീദി പെണ്‍കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ സഹായത്തോടെ അവള്‍ ജര്‍മനിയിലുള്ള സഹോദരിയുടെ അടുത്തെത്തി. അവിടെ നിന്നുകൊണ്ട്‌ ” നമ്മുടെ പേരാട്ടം”എന്നൊരു വേദി രൂപീകരിച്ച്‌ ജിഹാദികള്‍ക്കെതിരേ പോരാട്ടത്തിനു തുടക്കമിട്ടു. പോകെപ്പോകെ പീഡനങ്ങള്‍ക്കെതിരായ ലോകത്തിന്റെ ശബ്‌ദമായി മാറി അവള്‍. ജിഹാദി കൂട്ടക്കൊലയ്‌ക്കും മാനഭംഗങ്ങള്‍ക്കുമെതിരേ മുറാദ്‌ ലോകരാജ്യങ്ങളുടെ പിന്തുണ ഇരന്നു. ലെബനീസ്‌ ബ്രിട്ടീഷ്‌ അഭിഭാഷകയായ അമല്‍ ക്ലൂണി എന്ന സന്നദ്ധപ്രവര്‍ത്തകയെ ഒപ്പം കിട്ടിയതോടെ ആ പോരാട്ടത്തിനു കൂടുതല്‍ കരുത്തായി. അങ്ങനെയാണു”ദ്‌ ലാസ്‌റ്റ്‌ ഗേള്‍” എന്ന പേരില്‍ മുറാദിന്റെ പുസ്‌തകമിറങ്ങുന്നത്‌.

മൂന്നുമാസത്തെ കൊടുംയാതനകൾക്കൊടുവിൽ നാദിയയ്ക്കു രക്ഷാവാതിൽ തുറന്നുകിട്ടിയത്, മൊസൂളിലെ ഒരു കുടുംബത്തിന്റെ സഹായം കൊണ്ടായിരുന്നു. മൊസൂളിൽനിന്ന് കിലോമീറ്ററുകൾ താണ്ടി ഇറാഖ് അതിർത്തി കടന്ന് കുർദിസ്ഥാനിലെത്തി. അവിടെ യസീദികൾക്കായുള്ള അഭയാർഥിക്യാംപിൽ അഭയം തേടി. അവിടെവച്ചാണ് തന്റെ സഹോദരങ്ങളും മാതാപിതാക്കളുമെല്ലാം കൊല്ലപ്പെട്ടുവെന്ന് നാദിയ അറിയുന്നത്. പീന്നീട്, യസീദികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജർമനിയിൽ സഹോദരിയുടെ അടുത്തെത്തി. ജർമനിയിലാണ് ഇരുവരും ഇപ്പോൾ കഴിയുന്നത്.

തുടർന്നുള്ള വർഷങ്ങളിൽ യുഎൻ വേദികളിൽ സ്വന്തം അനുഭവം പങ്കുവച്ച്, യസീദികൾ അനുഭവിക്കുന്ന യാതനകളിലേക്കു ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു നാദിയ. പ്രശസ്ത മനുഷ്യാവകാശപ്രവർത്തക അമാൽ ക്ലൂണി ഉൾപ്പെടെയുള്ളവർ യസീദികൾക്കായി രംഗത്തുവന്നു. നാദിയയുടെ ‘ ദ് ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥാപുസ്തകത്തിന് ആമുഖമെഴുതിയത് അമാൽ ക്ലൂണിയാണ്. മനുഷ്യക്കടത്തിനെതിരെയുള്ള യുഎൻ പ്രചാരണത്തിന്റെ ഗുഡ്‍വിൽ അംബാസഡറാണ് നാദിയ ഇപ്പോൾ. 2016 ലും നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ടിരുന്നു. ആവർഷം ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ടു. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു യസീദി മനുഷ്യാവകാശപ്രവർത്തകൻ ആബിദ് ഷംദീനുമായുള്ള നാദിയയുടെ വിവാഹം. അന്ന്, യുഎൻ രക്ഷാസമിതിയിലെ പ്രസംഗത്തിൽ കണ്ണുനിറഞ്ഞ് നാദിയ പറഞ്ഞു: ‘‘ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിന്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽനിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു, മറ്റെല്ലാത്തിനും മുൻപിൽ മനുഷ്യരെ നിർത്തൂ. സമാധാനത്തെ പ്രോത്സാഹിപ്പിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്വം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടുംക്രൂരതകൾ… ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയാറാവുന്നില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാവുക? ലോകമേ, ഞങ്ങളും അർഹിക്കുന്നു, സമാധാനവും സുരക്ഷയും സന്തോഷവുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ

നാദിയ മുറാദെന്ന സാധാരണ യസീദി യുവതിയുടെ അസാധാരണ ചെറുത്തുനിൽപ്പിന്റെ കഥ ഐക്യരാഷ്ട്രസഭയെ ഓർമിപ്പിച്ചുകൊണ്ട് ഐഎസ് ഭീകരതയ്‌ക്കെതിരെ ലോകമനസാക്ഷിയെ ഉണർത്തിയത് പ്രശസ്തമനുഷ്യാവകാശ പ്രവർത്തകയായ അമൽ ക്ലൂണിയാണ്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യൂയോർക്കിൽ യു. എന്നിന്റെ ഗുഡ് വിൽ അംബാസിഡറായി നാദിയ മുറാദിനെ നിയമിക്കുന്ന ചടങ്ങിലായിരുന്നു അമൽ ക്ലൂണിയുടെ പ്രസംഗം.

ജീവിതം അവൾക്ക് ചാർത്തി നൽകിയ എല്ലാ ലേബലുകളും അവൾ അതിജീവിച്ചു: അനാഥ, ബലാത്കാരത്തിന്റെ ഇര, അടിമ, അഭയാർത്ഥി തുടങ്ങിയവ പകരം പുതിയവ അവൾ തന്നെ നിർമ്മിക്കുകയായിരുന്നു- അതിജീവനത്തിന്റെ, യസീദി നേതാവിന്റെ, സ്ത്രീപക്ഷവാദിയുടെ തുടങ്ങി സമാധാനത്തിനുള്ള നൊബേൽ സമ്മാനവും .നാദിയ മുറാദിനെ അഭിസംബോധന ചെയ്തുകൊണ്ട് ക്ലൂണി ഇപ്രകാരം കൂട്ടിച്ചേർത്തു-നാദിയ, നിന്റെ കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടതിന് മാപ്പ്. മുറാദിന്റെ ഐക്യരാഷ്ട്രസഭയുടെ ഗുഡ് വിൽ അംബാസിഡറായുള്ള നിയമനം മനുഷ്യക്കടത്തിന് ഇരയാകുന്ന എല്ലാവരുടെയും ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്ന് അമൽ പ്രത്യാശ പ്രകടിപ്പിച്ചു.

നാദിയെപ്പോലുള്ള അനേകരുടെ ജീവിതത്തിന്റെ നിർണായകഘട്ടത്തിൽ ഇടപെടാൻ സാധിക്കാത്ത ഐക്യരാഷ്ട്രസഭയെക്കുറിച്ച് ക്ലൂണി ഇപ്രകാരം പറഞ്ഞു- ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഞാൻ ആദ്യമായാണ് പ്രസംഗിക്കുന്നത്. ഇവിടെ പ്രസംഗിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറയണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ എനിക്കഭിമാനം തോന്നുന്നില്ല. സ്വന്തം താൽപ്പര്യത്തിന് വിഘാതമാകുമെന്നതുകൊണ്ട് വംശഹത്യ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കാത്ത അംഗരാജ്യങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു. ഒരു അഭിഭാഷക എന്ന നിലയിൽ ലഭിച്ച പരാതിയിൽ നീതി ലഭ്യമാക്കാൻ സാധിക്കാത്തതിനെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിൽ നാദിയ പോലുള്ള പെൺകുട്ടികളുടെ ശരീരം യുദ്ധക്കളമാക്കുന്ന മനുഷ്യന്റെ ഭീകരതയെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു; അമൽ ക്ലൂണിയുടെ പ്രസംഗം ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിച്ചിരുന്നെങ്കിൽ

Top