ന്യുഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് കടക്കാൻ ബിജെപിയുടെ ലക്‌ഷ്യം. അതിനുള്ള പ്രവർത്തങ്ങൾ ബിജെപി കേന്ദ്ര നേതൃത്വം തുടങ്ങി . കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ കൂടി പിടിക്കാൻ പ്ലാൻ തയ്യാറാക്കി പ്രവർത്തനം തുടങ്ങി.മുതിർന്ന നേതാക്കൾ അതിനായുള്ള തന്ത്രങ്ങൾ മെനഞ്ഞു . കോൺഗ്രസിന്റെ തകർച്ച മുതലെടുക്കുന്നതോടൊപ്പം കോൺഗ്രസിന്റെ കയ്യിൽ ഇരിക്കുന്ന സീറ്റുകൾ കൂടി പിടിച്ചെടുക്കുക എന്നതാണ് ലക്‌ഷ്യം .
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് പരാജയം രുചിച്ച 144 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബി ജെ പിയുടെ പ്രവർത്തനങ്ങൾ. ഇതിൽ പകുതി മണ്ഡലങ്ങളിലെങ്കിലും വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ജനമനസ് അറിയാൻ ഈ 144 മണ്ഡലങ്ങളിലും പതിവായി ബി ജെ പി സർവ്വേ നടത്തുന്നുണ്ട്. സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾക്ക് വേഗം പകർന്നിരിക്കുന്നത്. 18 മാസത്തിനുളളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ നേതൃത്വം പാർട്ടി ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ്. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ദേശീയ നേതാക്കളുടെ കീഴിൽ 40 കേന്ദ്രമന്ത്രിമാർക്കാണ് മണ്ഡലങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. രണ്ടോ മൂന്നോ ലോക്സഭ മണ്ഡലങ്ങൾ അടങ്ങുന്ന ക്ലസ്റ്റുകളായി വിഭജിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയിലെ ലോക്സഭ മണ്ഡലങ്ങളിൽ മാത്രമായി 16 കേന്ദ്ര മന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച 25 സീറ്റിൽ 23 സിറ്റും വിജയിക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. സഖ്യത്തിൽ മത്സരിച്ച ശിവസേന 23 സീറ്റിൽ 18 നേടി. 45 സീറ്റുകളാണ് ഇക്കുറി ബി ജെ പി ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്.
എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയുടെ ചുമതല നൽകിയിരിക്കുന്നത് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പവാറിന്റെ മകൾ സുപ്രിയ സുലെയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1.55 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മണ്ഡലം പിടിക്കാമെന്ന ബി ജെ പിയുടെ ആഗ്രഹം വെറും ദിവാസ്വപ്നമായി അവശേഷിക്കുമെന്നാണ് എൻസിപി പ്രതികരിക്കുന്നത്.
അതേസമയം യുപിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും കേന്ദ്രമന്ത്രിക്കാണ് ചുമതല നൽകിയിരുക്കുന്നത്. മന്ത്രി നരേന്ദ്ര സിംഗ് തോമറിനാണ് ചുമതല. 1952 മുതൽ കോൺഗ്രസിന്റെ കോട്ടയാണ് റായ്ബറേലി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചപ്പോഴും റായ്ബറേലി കോൺഗ്രസിനും സോണിയ ഗാന്ധിയ്ക്കുമൊപ്പം ഉറച്ച് നിന്നു. അന്ന് 534,918 വോട്ടുകൾക്കായിരുന്നു സോണിയയുടെ വിജയം. ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 367,740 വോട്ടുകളായിരുന്നു. രാഹുൽ ഗാന്ധിയുടെ അമേഠി പിടിച്ചടക്കിയ രീതിയിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തിയാൽ റായ്ബറേലിയും പിടിക്കാനാകുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ ഉടൻ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയ നേതൃത്വം കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപമാണ് ബി ജെ പി നേതാക്കൾ ഉയർത്തുന്നത്. നിരവധി സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനവികാരം ശക്തമാണെന്ന് പാർട്ടി സർവ്വേകൾ തന്നെ വ്യക്തമാക്കുണ്ട്. അപ്പോഴും ദേശീയ നേതൃത്വം വേണ്ടത്ര പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നാണ് നേതാക്കളുടെ ആരോപണം.
ഹിമാചൽ പ്രദേശിൽ ഭരണ വിരുദ്ധ വികാരമുമണ്ടെന്നാണ് സർവ്വേകൾ പറയുന്നത്. ഗുജറാത്തിൽ ആം ആദ്മി സ്വാധീനമുണ്ടാക്കുന്നുണ്ടെന്നും സർവ്വേകൾ പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മാത്രം ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മനസിലാകുന്നില്ല’, നേതാക്കൾ പറഞ്ഞു. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ജനപ്രീതി ഇല്ലെന്ന സർവ്വേ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തിരക്കിട്ട നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.