ഉടമകളെത്തിയില്ല; 233 കാറുകളും 480 ബൈക്കുകളും ദുബായ് പോലിസ് ലേലത്തില്‍ വില്‍ക്കും

പലയിടങ്ങളിലായി പോലിസും മറ്റ് ഏജന്‍സികളും പിടികൂടിയ 233 കാറുകളുടെയും 480 ബൈക്കുകളുടെയും ഉടമകള്‍ ഒരു മാസത്തിനകം ആവശ്യമായ രേഖകളുമായി എത്തിയില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കുമെന്ന് ദുബായ് പോലിസ് അറിയിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് പോലിസ് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ മൂന്ന് മാസത്തിനകം സ്റ്റേഷനിലെത്തി വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇവ ഒരു മാസത്തെ നോട്ടീസ് നല്‍കി ലേലത്തില്‍ വില്‍ക്കാന്‍ പോലിസ് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പരസ്യം പ്രമുഖ ഇംഗ്ലീഷ്, അറബി പത്രങ്ങളില്‍ പോലിസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസമായി പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ പോലിസ് ബന്ധപ്പെട്ടുവരികയായിരുന്നുവെന്നും എന്നാല്‍ ഇത്രയും വാഹനങ്ങളുടെ ഉടമകള്‍ വാഹനം തിരികെയെടുക്കാന്‍ എത്തിയില്ലെന്നും ദുബായി പോലിസ് അസിസ്റ്റന്റ് കമാന്റര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. 050 8990666 എന്ന നമ്പറിലോ www.dubaipolice.gov.ae എന്ന വെബ്‌സൈറ്റിലോ പിടിയിലായ വാനഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

ട്രാഫിക് നിയമലംഘനവുമാി ബന്ധപ്പെട്ട 6000 ദിര്‍ഹമിന് മേലെയുള്ള പിഴ അടക്കാത്തവര്‍, മൂന്ന് മാസം കഴിഞ്ഞിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാത്തവര്‍, നിയമവിരുദ്ധമായി കാര്‍ റേസിംഗ് നടത്തുന്നവര്‍ തുടങ്ങിയവരുടെ വാഹനങ്ങളാണ് പോലിസ് പിടികൂടുന്നത്. ദുബായ് പോലിസ്, മുനിസിപ്പാലിറ്റി, ആര്‍.ടി.എ, കോടതി എന്നിവയുടെ പ്രതിനിധികളടങ്ങുന്ന കമ്മിറ്റിയാണ് വാഹന ലേലത്തിന് മേല്‍നോട്ടം വഹിക്കുക. വിവിധ വാഹന ലേല കമ്പനികളുമായി സംസാരിച്ച് വിലനിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top