കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് നാളെ കാല്‍നൂറ്റാണ്ട് പിന്നിടുന്നു. അട്ടിമറികളുടേയും നീതികേടിന്റേയും രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്നും സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ നീതിവ്യവസ്ഥയെ വെല്ലുവിളിക്കുന്നു.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് തിങ്കളാഴ്ച 25 വര്‍ഷം തികയും. 1992 മാര്‍ച്ച് 27നായിരുന്നു അഭയ കൊല്ലപ്പെട്ടത്. എന്നാല്‍, 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ പ്രതികളാക്കി സി.ബി.െഎ കുറ്റപത്രം നല്‍കിയിട്ട് എട്ടു വര്‍ഷം പിന്നിടുകയുമാണ്. ഇതിനിടെ, മകളുെട ഘാതകരെ കണ്ടെത്താന്‍ നീതിപീഠങ്ങള്‍ കയറിയിറങ്ങിയ അഭയയുടെ മാതാപിതാക്കളും അന്തിമവിധിക്ക് കാത്തുനില്‍ക്കാതെ മടങ്ങി.
കോട്ടയം ബി.സി.എം കോളജ് വിദ്യാര്‍ഥിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റിലായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രക്ഷോഭത്തിനൊടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇവരും ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയെത്തി. ഇതോടെ 1993 മാര്‍ച്ച് 29ന് കേസ് സി.ബി.െഎ എറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ 1996ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.െഎ കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി അംഗീകരിച്ചില്ല. 1999ലും 2005ലും ഇതേ ആവശ്യവുമായി സി.ബി.െഎ കോടതിയെ സമീപിച്ചു. ഇവയും തള്ളി.
തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ േകസ് വീണ്ടും സജീവമായി. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് ആദ്യം അന്വേഷിച്ച മുന്‍ എ.എസ്.െഎ ആത്മഹത്യ ചെയ്തു. സി.ബി.െഎ ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു മരണം.