
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ തിവാരെ അണക്കെട്ട് തകർന്ന് മൂന്നു പേർ മരിച്ചു. 24 പേരെ കാണാതായി. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍ ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 വീടുകള്‍ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
മുംബൈയില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ശക്തമായ കാലവര്‍ഷം മഹാരാഷ്ട്രയില്‍ തുടരുകയാണ്. മുംബൈയില്‍ മാത്രം 300-400 എംഎം മഴ ലഭിച്ചെന്നാണ് മുഖ്യമന്ത്രി ഫഡ്‌നാവീസ് പറഞ്ഞത്. താനെ, പാല്‍ഗര്‍, റെയ്ഗാര്‍ഡ് ജില്ലകളിലും പടിഞ്ഞാറന്‍ ഭാഗമായ നാസിക്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നിവിങ്ങളിലും കനത്ത മഴയാണ്. ഇന്നലെ ശക്തമായ മഴയില്‍ മുംബൈ മലഡില്‍ ഭിത്തി ഇടിഞ്ഞുവീണ് 20 പേര്‍ മരിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രാത്രി മുഴുവന്‍ ദുരന്തനിവാരണസേന പ്രവര്‍ത്തിക്കുകയായിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വടക്കന്‍ മുംബൈയിലെ അണ്ടര്‍പാസില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ എസ്‌യുവിയില്‍ പെട്ട് രണ്ടുപേര്‍ മരണമടഞ്ഞു. ട്രാക്കില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്തു. നാളെയും മറ്റന്നാളും താനെയിലും പാല്‍ഗറിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.