സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ല: എം.ഇ.എസിന് പിന്തുണയുമായി മുജാഹിദ് വിഭാഗവുംമന്ത്രി കെ.ടി ജലീലും

കോഴിക്കോട്: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുള്‍ മുജാഹിദ്. സ്ത്രീകള്‍ മുഖം മറക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.ഹജ്ജ് കര്‍മ്മം നടത്തുമ്പോള്‍ പോലും സ്ത്രീകള്‍ മുഖം മറക്കരുതെന്നാണ് ഇസ്‌ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്‌ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്‌ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സമസ്ത വിഭാഗമടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സര്‍ക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇ.കെ സമസ്ത പറഞ്ഞത്. ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞിരുന്നു.

മതവിരുദ്ധതയില്‍ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അള്‍ട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുതെന്നും സത്താര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.അതേസമയം, സര്‍ക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സ്വീകരിച്ചത്.

അതേസമയം മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും മുസ്ലിം മതസംഘടനകള്‍ ആത്മപരിശോധന നടത്തണമെന്നും ജലീല്‍ പറഞ്ഞു.

ഹജ്ജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്നാണ് ഇസ്ലാം പറയുന്നതെന്നും എന്നിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കച്ചവട താത്പര്യമാണെന്നും 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മ്മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ജലീല്‍ കുറ്റപ്പെടുത്തി.

അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മതസംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എം.ഇ.എസ് സ്ഥാപനങ്ങളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കണമെന്നാണ് എം.ഇ.എസ് സംസ്ഥാന കമ്മിറ്റി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.
പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതിനെതിരെ സമസ്ത രംഗത്ത് വന്നിരുന്നു.

Top