ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ (1) മടക്കി ഉമേഷ് യാദവാണ് വേട്ടയ്ക്ക് തുടക്കംകുറിച്ചത്. മൂന്നാം വിക്കറ്റില്‍ സുബൈര്‍ ഹംസയും (62) ടെംബ ബാവുമയും (32) ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. എന്നാല്‍, 107-ല്‍നില്‍ക്കെ ഹംസയെ രവീന്ദ്ര ജഡേജയും അതേസ്കോറില്‍ ബാവുമയെ അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമും മടക്കി.
പിന്നീടെത്തിയവരില്‍ ജോര്‍ജ് ലിന്‍ഡെ (37) മാത്രം ചെറുത്തുനിന്നു. ഹെന്റിച്ച് ക്ലാസന് (6), ഡാനെ പീഡിറ്റ് (4), കാഗിസോ റബാഡ (0), നോര്‍ത്യെ (4) എന്നിവരെ മടക്കി ഇന്ത്യ ഒന്നാമിന്നിങ്സില്‍ 335 റണ്‍സിന്റെ ലീഡുനേടി. ആദ്യ ഇന്നിങ്സില്‍ ഉമേഷ് യാദവ് മൂന്നുവിക്കറ്റെടുത്തു. ഷഹബാസ് നദീം, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടുവീതം വിക്കറ്റെടുത്തു.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമിന്നിങ്സിലും കാര്യമായ മാറ്റമുണ്ടായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ അഞ്ചു റണ്‍സ് പിന്നിട്ടപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (5) ഉമേഷ് മടക്കി. ആദ്യ ഇന്നിങ്സിലെ ടോപ്സ്കോറര്‍ സുബൈര്‍ ഹംസയും (0) ക്യാപ്റ്റന്‍ ഡുപ്ലെസിയും (4), ടെംബ ബാവുമയും (0) അധികം നില്‍ക്കാതെ മടങ്ങി.
മുന്‍നിര മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ക്കണ്ടു. ഉമേഷെറിഞ്ഞ പത്താം ഓവറിന്റെ മൂന്നാം പന്ത് ഹെല്മെറ്റില്ക്കൊണ്ട് ഡീന്‍ എല്‍ഗര്‍ (16) റിട്ടയര്ഹര്ട്ടായി. എല്‍ഗറിനു പകരം ഡിബ്രുയിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടാക്കി. ക്ലാസെന് (5), ലിന്‍ഡെ (27), പീഡിറ്റ് (23), റബാഡ (12) എന്നിവരുടെ വിക്കറ്റുകൂടി അവസാന സെഷനില്‍ നഷ്ടമായി.
നേരത്തെ ഒമ്പതുവിക്കറ്റിന് 497 റണ്‍സെടുത്ത് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ റാഞ്ചിയില്‍ ഇരട്ടസെഞ്ചുറിയോടെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്കോര്‍ (212) കണ്ടെത്തിയ മത്സരത്തില്‍ അജിന്‍ക്യ രഹാനെയും സെഞ്ചുറി കണ്ടെത്തി. 192 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്സും സഹിതം 115 റണ്‍സാണ് രഹാനെ എടുത്തത്. രവീന്ദ്ര ജഡേജ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അര്‍ധസെഞ്ചുറി (119 പന്തില്‍ 51) തികച്ചു. ഉമേഷ് യാദവ് 10 പന്തില്‍ 31 റണ്‍സടിച്ചതായിരുന്നു പിന്നീട് ഇന്ത്യന്‍ ഇന്നിങ്സിലെ പുതുമ.