ഐപിഎല്‍; കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച ഗുജറാത്ത് ലയണ്‍സിന് ആറു വിക്കറ്റ് ജയം

raina.jpg.image

കാന്‍പുര്‍:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മലര്‍ത്തിയടിച്ച് ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സ് വിജയിച്ചു. ഡ്വെയ്ന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ബോളിങ്ങില്‍ ഗുജറാത്തിന് ആറു വിക്കറ്റിന്റെ ജയം. ബോളിങ്ങിലൂടെ സ്മിത്ത് കൊല്‍ക്കത്തയെ ശരിക്കും കഷ്ടത്തിലാക്കി.

സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ എട്ടിന് 124. ഗുജറാത്ത്13.3 ഓവറില്‍ നാലിന് 125. വിന്‍ഡീസ് താരം സ്മിത്ത് നാല് ഓവറില്‍ വെറും എട്ടു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (8) റോബിന്‍ ഉത്തപ്പയും നാലാം ഓവറില്‍ വേര്‍പിരിഞ്ഞു. ടീം സ്‌കോര്‍ അന്‍പതു തികയുന്നതിനു മുന്‍പേ മനീഷ് പാണ്ഡെയെയും (1) ഉത്തപ്പയെയും (25) സ്മിത്ത് മടക്കി.

യൂസഫ് പഠാന്‍ (36) ഒരറ്റത്തു നിന്നെങ്കിലും മറുഭാഗത്തു വിക്കറ്റ് കൊയ്ത്തായിരുന്നു. പീയൂഷ് ചൗളയെയും (11) ഷാക്കിബ് അല്‍ ഹസനെയും (3) സ്മിത്ത് തന്നെ മടക്കി. പഠാനും സൂര്യകുമാര്‍ യാദവും (17) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണു കൊല്‍ക്കത്തയെ നൂറു കടത്തിയത്. ചേസിങില്‍ ഗുജറാത്തിന് ആദ്യ പന്തില്‍ തന്നെ സ്മിത്തിനെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ അര്‍ധ സെഞ്ചുറി (53*) അവരെ ജയത്തിലെത്തിച്ചു

Top