വെളിച്ചെണ്ണയിൽ മായം: അഞ്ച് ബ്രാന്‍ഡുകള്‍ നിരോധിച്ചു; കുറ്റ്യാടി ഓയില്‍ മില്‍സിന് പൂട്ടുവീണു

കൊച്ചി: ഗുണ നിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിടിവീണു. ഭക്ഷ്യസുരക്ഷ വകുപ്പ് അഞ്ച് ബ്രാന്‍ഡുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി. ഫേമസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേര കുറ്റ്യാടി (മൂന്നും കുറ്റ്യാടി ഓയില്‍ മില്‍സ് ഇറക്കുന്നത്), എസ്.എഫ്.പി ലാവണ്യ (ശ്രീലക്ഷ്മി ഫുഡ് പാക്കിങ്), ഗ്രീന്‍ മൗണ്ടൈന്‍ (വിഷ്ണുമായ ട്രേഡേഴ്‌സ്, പാലക്കാട്) എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധിച്ച വെളിച്ചെണ്ണയുടെ സംഭരണവും വില്‍പ്പനയും കുറ്റകരമാണ്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ അഞ്ചെണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ബ്രാന്‍ഡുകളില്‍ വിലകുറഞ്ഞ മറ്റു എണ്ണകള്‍ കലര്‍ത്തിയിട്ടുണ്ടെന്നും യഥാര്‍ഥ വെളിച്ചെണ്ണയുടെ ഗുണമില്ലെന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ഏലിയാമ്മ പറഞ്ഞു. നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.2017 ഏപ്രില്‍ മുതല്‍ 2018 എപ്രില്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ നടന്ന പരിശോധനയിലും ചില ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട കമ്പനികള്‍ക്കെതിരെ കേസെടുത്ത് നടപടി തുടര്‍ന്നിട്ടും ഇത്തരം കമ്പനികള്‍ വീണ്ടും തലപൊക്കുകയാണ്. നിലവില്‍ കൊപ്രയാട്ടിയ വെളിച്ചെണ്ണക്ക് ചില്ലറ വിപണിയില്‍ 200 രൂപക്കടുത്ത് വരുമ്പോള്‍ വ്യാജ കമ്പനികളുടെ വെളിച്ചെണ്ണ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ് സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. ലാഭം കൂടുതലായതിനാല്‍ പല കച്ചവടക്കാരും ഇത്തരം കമ്പനികളെ ആശ്രയിക്കുന്നു.

നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വീണ്ടും പല പേരുകളില്‍ വിപണിയിലെത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നാദാപുരത്തെ മൊത്ത വിതരണ കേന്ദ്രത്തില്‍നിന്ന് 390 ലിറ്റര്‍ മായംചേര്‍ത്ത വെളിച്ചെണ്ണ പിടികൂടിയിരുന്നു. നിരോധിച്ചതാണ് ഇതെന്ന് പിന്നീട് മനസ്സിലായി. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വീണ്ടും വിപണിയിലെത്തിക്കാനായിരുന്നു നീക്കം. ഒരു കമ്പനിയില്‍ നിന്നുതന്നെ ഒന്നിലധികം പേരുകളില്‍ വിപണനം നടത്തിയാണ് പല വ്യാജ ബ്രാന്‍ഡുകളും പിടിമുറുക്കുന്നത്.

Top