ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിച്ച് ബിജെപി മന്ത്രിമാര്‍. ജമ്മു കശ്മീരിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകത്തിലാണ് ബിജെപി മന്ത്രിമാരുടെ ക്രൂരമുഖം വെളിവായത്. നിസാര സംഭവമെന്ന മട്ടിലാണ് ബിജെപി മന്ത്രിമാര്‍ സംഭവത്തെ കാണുന്നത്.
രണ്ട് പൊലീസുകാരുള്‍പ്പെടെ നാലു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഒരാളെയും അറസ്റ്റ് ചെയ്യരുതെന്ന് ഭീഷണി മുഴക്കിയ മന്ത്രി ചന്ദ്രപ്രകാശ് ഗംഗ, ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കാട്ടുനീതിയാണെന്നും ആരോപിച്ചു.
സംഘപരിവാര്‍ സംഘടനയായ ഹിന്ദു ഏക്ത മഞ്ചിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതികളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ച മന്ത്രി, അന്വേഷണ ഏജന്‍സിക്കെതിരെ ഭീഷണി മുഴക്കി.
കഴിഞ്ഞയാഴ്ച വനംമന്ത്രി ലാല്‍ സിങ്ങും നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരുന്നു. ഒരുപാട് സ്ത്രീകള്‍ കൊല്ലപ്പെടുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഇത്ര അന്വേഷണം എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. ഹിന്ദുക്കളെ ഉപദ്രവിക്കുന്നാരോപിച്ചാണ് ഹിന്ദു എക്ത മഞ്ചിന്റെ പ്രക്ഷോഭം.
ജമ്മു കശ്മീരിലെ കത്ത്വ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ ജനുവരി പത്തിനാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്. കുട്ടിയെ കാണാതായതും ബലാത്സംഗം ചെയ്യപ്പെട്ടതും ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്.
കേസന്വേഷണം സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് ആവശ്യപ്പെടുമെന്ന് ബിജെപി മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍, ബിജെപി അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്നാണ് പിഡിപി നിലപാട്.