ബി.ജെ.പി, വിഎച്ച്പി നേതാക്കള്‍ ഷാരൂഖ് ഖാനെതിരെ ; പാക്കിസ്താനിലേക്കുള്ള ക്ഷണവുമായി ഹാഫിസ് സയിദ്

ദില്ലി: രാജ്യത്ത് മതങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പുരസ്‌കാരം തിരിച്ച് നല്‍കുന്ന എഴുത്തുകാര്‍ക്കും അഭിനേതാക്കള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് വിജയ് വര്‍ഗിയയും വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിയും ആവശ്യപ്പെട്ടു. ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്ഥാനിലാണെന്ന് മധ്യപ്രദേശ് മുന്‍ മന്ത്രിയും ബിജെപി ജനറല്‍ സെക്രട്ടറിയുമായ വിജയ് വര്‍ഗിയ ആരോപിച്ചു. രാജ്യത്ത് തീവ്രവാദി ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ എവിടെയായിരുന്നുവെന്നും വിജയ് വര്‍ഗിയ ചോദിച്ചു. ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജന്റാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടു. ഇതിനിടെ ഷാരൂഖ് ഖാനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് രംഗത്തെത്തി.ഇന്ത്യയില്‍ വിവേചനം അനുഭവിക്കുന്നുണ്ടെങ്കില്‍ ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് വരണമെന്നും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയിദ് ട്വിറ്ററില്‍ പറഞ്ഞു. എംപിമാരുടേയും മന്ത്രിമാരുടേയും വിദ്വേഷ പ്രസ്താവനകള്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്വന്തം അഭിപ്രായം പറഞ്ഞതിന് ഷാരൂഖ് ഖാന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. മോദി ഷാരൂഖ് ഖാനോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.. വിജയ് വര്‍ഗിയ ബിജെപി വക്താവല്ലെന്നും അദ്ദേഹം പറഞ്ഞത് ബിജെപി അഭിപ്രായമല്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Top