ശ്രീനഗര്‍: കഴിഞ്ഞ ആറു മാസത്തിനിടെ തെക്കന്‍ കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 80 തീവ്രവാദികളെ. തീവ്രവാദ സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഉള്‍പ്പെടെയാണ് സൈന്യത്തിന്റെ തോക്കിനിരയായത്. വിവരങ്ങള്‍ രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ മേജര്‍ ജനറല്‍ ബി.എസ് രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു
115 ലേറെ ഭീകരര്‍ കശ്മീരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവരില്‍ 15 ഓളം പേര്‍ വിദേശ ഭീകരരും നൂറോളം പേര്‍ പ്രദേശിക ഭീകരരുമാണെന്നാണ് സൈന്യത്തിന് ലഭിച്ചിട്ടുള്ള വിവരം. ഭീകരരുടെ എണ്ണം കുറഞ്ഞതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
തെക്കന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭീകരര്‍ക്കെതിരായ നീക്കം സൈന്യം ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിനുനേരെ കല്ലേറ് ഉണ്ടാകുന്നത് അടക്കമുള്ള സംഭവങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
കാലാവസ്ഥ മെച്ചപ്പെടുന്നതോടെ ഭീകരര്‍ക്കെതിരായ നീക്കം സൈന്യം ശക്തമാക്കും. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടവരെയാണ് സൈന്യം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദി നേതാക്കളെ കൊന്നൊടുക്കുന്നതിനിടെയും പുതിയ യുവാക്കള്‍ ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സൈന്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.