പത്താംക്ലാസ്സു കഴിഞ്ഞ് ചേര്‍ന്നത് ഭീകരവാദത്തില്‍; ഹിദായീന്‍ ആക്രമണം നടത്തി കാശ്മീരിനെ ഞെട്ടിച്ചത് പതിനാറുകാരന്‍

ശാലിനി (Herald Exclusive )

കാഷ്മീര്‍: ഡിസംബര്‍ 31ന് തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലലെ സിആര്പിഎഫ് ക്യാമ്പില്‍ ഉണ്ടായത് ഒരു ഫിദായീന്‍ ആക്രമണം ആയിരുന്നു. ചാവേര്‍ പൊട്ടിത്തെറിക്കും മുന്പ് 8 മിനിട്ട് നീണ്ട വീഡിയോയിലൂടെ ഇതൊരു ഫിദായീന്‍ ആക്രമണം ആണെന്നും അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫിദായീന്‍ ആക്രമണം എന്നാല്‍ ഭീകരവാദികളുടെ ചാവേര്‍ ആക്രമണങ്ങള്‍ ആണ്. 37 മണിക്കൂറിനുള്ളില്‍ അവ മിക്കവാറും തുടരെ തുടരെ ആക്രമിക്കും എന്നതാണ് ഈ വാക്കിനാല്‍ നല്‍കുന്ന സൂചനയെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ 3 ആയുധ ധാരികളെ കൊലപ്പെടുത്താനായെങ്കിലും നഷ്ടമായത് അഞ്ചു വീര സൈനികരെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ട ഭീകരരില്‍ ഖാണ്ടേയ്, ബാബ എന്നിവര്‍ പുല്‍വാമ ജില്ലക്കാര്‍ തന്നെയാണ് എന്നത് അതിശയിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം കാഷ്മീര്‍ താഴ്വരയില്‍ നിരവധി തവണ ഇത്തരം ഫിദായീന്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം പാക് പരിശീലനത്തോടെ ആയിരുന്നു എന്ന് സൈനികര്‍ പറയുന്നു. അന്ന് പിടികൂടിയവരും കൊല്ലപ്പെട്ടവരും എല്ലാം തന്നെ പാക്കിസ്ഥാനികള്‍ ആയിരുന്നു. വളരെ കുറച്ചു തവണ മാത്രമേ ഈ അവസരങ്ങളില്‍ കാഷ്മീര്‍ വിഘടനവാദികള്‍ ആക്രമണങ്ങളില്‍ പങ്കാളികള്‍ ആയി മരണം വരിചിട്ടുള്ളൂ. പക്ഷെ ഡിസംബര്‍ 31 ഉണ്ടായ ആക്രമണത്തില്‍ അക്രമികളും ആക്രമിക്കപ്പെട്ടവരും കശ്മീരികള്‍ തന്നെ .

സിആര്പിഎഫിലെ ഒരു ഫിസിക്കല്‍ ട്രെയിനര്‍ ആയ ശരീഫ് ഉദ് ദിന്‍ ഗാനായ് ആണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍. മധ്യകാഷ്മീരിലെ ബാദ്ഗാമിലെ ചദൂര സ്വദേശിയാണ്. ജനുവരി ഒന്നിന് പുലര്‍ച്ചെ ആ വീട്ടില്‍ മരണവാര്‍ത്തയെത്തി. ഈ അടുത്താണ് ഗാനായുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2006 ലാണ് ഒരു പോസ്റ്റ്മാന്റെ മകനായ ഗാനായ് സൈന്യത്തില്‍ ചേരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തെ സഹായിക്കാനാണ് അവന്‍ സൈന്യത്തില്‍ പോയതെന്നും എല്ലാം തങ്ങളുടെ വിധിയായി കാണുന്നു എന്നും അദ്ദേഹത്തിന്റെ അമ്മാവന്‍ ഹിലാല്‍ അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മറ്റൊരിടത്ത് പുല്‍വാമ ജില്ലയില്‍ തന്നെ ഒരു പോലീസുകാരന്റെ മകനായ ഖാണ്ടേയുടെ മരണവീട്ടില്‍ മകന്‍ എങ്ങനെ ജിഹാദായി എന്നറിയാതെ ഒരച്ഛനും അമ്മയും. ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും മിണ്ടാനാകാതെ ഗുലാം മോഹിയുദ്ദീന്‍ എന്ന പോലീസുകാരനായ അച്ഛന്‍.

ഖാണ്ടേ വീഡിയോയിലൂടെ ഫിദായീന്‍ ആക്രമണം നടത്താന്‍ പോകുന്നു എന്ന് റെക്കോര്ഡ് ചെയ്ത വീഡിയോ വിശ്വാസം വരാതെ ബന്ധുക്കള്‍ തരിച്ചിരിക്കുകയാണ്. അവന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല – പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നുമാത്രം ഒരു ബന്ധു പറഞ്ഞവസാനിപ്പിച്ചു.

അല്പം ദിവസം മുന്പ് താന്‍ ഒരു ദൌത്യത്തിന് പോകുന്നു എന്ന് മാത്രമാണ് കൂട്ടുകാരോട് പറഞ്ഞത് എന്ന് ഒരു യുവാവ് മാധ്യമങ്ങളെ അറിയിച്ചു. കാശ്മീരി യുവാക്കള്‍ ഒന്നിനെയും ഭയപ്പെടുന്നില്ല അവരിലെ വിശ്വാസത്തെ ഇളക്കിയാല്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍ . ഇത്തരം കാര്യങ്ങള്‍ തങ്ങളുടെ മക്കളിലും എത്തിയാല്‍ ഇവിടം നശിക്കുമെന്ന് ഒരു വൃദ്ധന്‍ ആശങ്കയോടെ പറഞ്ഞു. അടുത്തകാലത്തായി നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും കശ്മീരികള്‍ ആണെന്ന ആശങ്ക ആ മനുഷ്യന്‍ മറച്ചു വച്ചില്ല.

താന്‍ എങ്ങനെയാണ് പാക്കിസ്ഥാന്‍ കേന്ദ്രമായ ജൈഷ് ഇ മുഹമ്മദ് സംഘടനയുമായി യോജിച്ചതെന്നു ഖാണ്ടേ വീഡിയോയിലൂടെ പറയുന്നുണ്ട്. സാധാരണക്കാരന്റെ വിശപ്പടക്കാന്‍ അവന് പണം വേണം. പണം വേണമെങ്കില്‍ ജോലി വേണം. തൊഴിലില്ലായ്മ രൂക്ഷമായ ഇവിടെ ഞങ്ങള്‍ പിന്നെ എന്ത് ചെയ്യണം? എന്ന്.

എട്ടു മിനിട്ടോളം നീണ്ട വീഡിയോയില്‍ കൂടുതല്‍ ആളുകളെ ജൈഷെ മുഹമ്മദിന്റെ ഫിദായീന്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്. കശ്മീരിലെ ഓരോ സൈനികനും നിലം പതിക്കും വരെ ഈ യുദ്ധം തുടരുമെന്നും അയാള്‍ പറയുന്നു.

പതിനഞ്ചു വയസുള്ള പത്താം ക്ലാസുകാര്‍ പോലും താഴ്വരയിലെ വിഘടനവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണ്. ദേശാഭിമാനികളുടെ രക്തംകൊണ്ട് രാഷ്ട്രീയം കളിക്കുന്നവര്‍ ഇവിടത്തുകാരുടെ വിശപ്പറിയുന്നില്ല. അവരാരും കശ്മീരികളുടെ ഉന്നമനമല്ല ലക്ഷ്യം വയ്ക്കുന്നത്. അവര്‍ സമയം വരുമ്പോള്‍ സ്വന്തം കൈകള്‍ കൊണ്ട് കാശ്മീരിനെ വില്‍ക്കും കശ്മീരിലെ പ്രകൃതി വിഭവങ്ങളും സ്ത്രീകളും ആവശ്യാനുസരണം ദുരുപയോഗം ചെയ്യപ്പെട്ടു എന്നും അയാള്‍ വീഡിയോയില്‍ പറയുന്നു.

ഡിസംബര്‍ 31 നു മുന്പ് ഉണ്ടായ ഫിദായീന്‍ ആക്രമണം നയിച്ചത് വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്നുള്ള മന്‍സൂര്‍ അഹമ്മദ് ഭട്ട് ആയിരുന്നു. 2010 ലെ ശ്രീനഗര്‍ – ലാല്‍ ചൌക്ക് ആക്രമണത്തിന്റെ സൂത്രധാരന്‍ ഇയാളാണ്. കൂടാതെ 2003 ല്‍ വാജ്‌പേ സര്‍ക്കാരിന്റെ കാലത്ത് ഹോട്ടല്‍ ഗ്രീന്‍ വെയില്‍ നടത്തിയ ഫിദായീന്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഇയാളാണെന്ന് സൈന്യം പറയുന്നു. നാഷണല്‍ കൊണ്‌ഫെരന്‍സ് നേതാവ് ജാവേദ് ഷാ ആ ആക്രമണത്തില്‍ കൊലപ്പെട്ടു. ശ്രീനഗറിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ആക്രമണത്തിന് പിന്നിലെന്ന് മാത്രമേ അന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുള്ളൂ.

പിന്നീട് കാലത്തിനൊപ്പം യുദ്ധതന്ത്രങ്ങളും മത പ്രീണനങ്ങളും വിഘടനവാദികള്‍ തന്ത്രമാകി. ഖാണ്ടേ വെറും മൂന്നു മാസം മുന്‍പാണ് ഇവരുടെ ഗ്രൂപ്പില്‍ എത്തിയത്. എത്ര പെട്ടനാണ് അയാള്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയതെന്ന് നാം ആശങ്കയോടെ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ബാബ കുറച്ചുകാലം വിഘടനവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്തിരുന്നു. ശേഷം സജീവമായി കളത്തില്‍ ഇറങ്ങിയത് വെറും രണ്ടു മാസം മുന്‍പാണ് എന്നും പോലിസ് പറയുന്നു. കഴിഞ്ഞ ആഗസ്ത് മുതലാണ് ഫിദായീന്‍ ആക്രമണങ്ങളുടെ വര്‍ധനയുണ്ടായത്. കൂടുതല്‍ കൂടുതല്‍ കശ്മീരികളെ ഉള്‍ക്കൊള്ളിച്ചാണ് ആക്രമണങ്ങള്‍ മുന്നോട്ടു പോകുന്നത്. വളരെ കുറച്ചു നാളത്തെ പരിശീലനം കൊണ്ട് ഇത്തരത്തില്‍ ആളുകളെ മെരുക്കിയെടുക്കുകയാണ് വിഘടനവാദിനേതാക്കള്‍ ചെയ്യുന്നത് എന്നും ഒരു പോലിസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശവാസികളായ ചിലരും ഈ ആക്രമണങ്ങളെ പിന്തുണക്കുന്നത് കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയുകയാണ്.വിദേശ ഭീകരവാദികള്‍ നമ്മുടെ ആളുകളെ തന്നെ ഉപയോഗപ്പെടുത്തുന്നു. ബുര്‍ഹാന്‍ വാനിയെപോലുള്ളവര്‍ നല്‍കുന്ന പരിശീലനങ്ങളും പണവും അവരുടെ വാക്കുകളും കാശ്മീരി യുവാക്കളെ മാനസികമായി ഏറെ സ്വാധീനിക്കുകയും അവര്‍ എളുപ്പം അടിമപ്പെടുകയും ചെയ്യും. വാനി കൊല്ലപെട്ട ദിവസം കഷ്‌മെരില്‍ സംഭവിച്ചത് ലോകം കണ്ടതാണ് എന്നും സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു.

കൂടുതല്‍ യുവാക്കള്‍ ഇത്തരം സംഘങ്ങളില്‍ ചേരാതെ നോക്കലാണ് പ്രതിവിധി പക്ഷെ അത് എത്രമാത്രം പ്രാവര്‍ത്തികമാണ് എന്ന് ഉറപ്പില്ല. സൈനികരുടെ മാത്രം മേല്‍നോട്ടത്തില്‍ അത് സാധ്യമാവുകയും ഇല്ല. എന്തായാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.കാശ്മീരില്‍ ഫെബ്രുവരിമാസം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Top