ദില്ലി: മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പാന്‍മസാല കച്ചവടക്കാരന്‍ രാവിലെ തന്നെ കട തുറന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് പോലീസ് ഇയാളെയും രണ്ട് മക്കളെയും അറസ്റ്റ് ചെയ്തത്. ദില്ലിയില്‍ മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമികള്‍ മുന്നിലും പിന്നിലുമായി ഇരുന്നാണ് രജതിനെ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വില്‍പനക്കാര്‍ കടന്നുകളഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. നോയിഡയില്‍ റിലയന്‍സ് ജീവനക്കാരനാണ് രജത്തിന്റെ പിതാവ് ഉണ്ണിക്കൃഷ്ണന്‍. 25 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം.ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ രജതിനെ കഴിഞ്ഞദിവസമാണ് അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്.
ട്യൂഷന്‍ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത് അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ പാന്‍മസാല വില്‍പനക്കാന്‍ അടുത്തേക്ക് വിളിച്ചു. കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തര്‍ക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരിച്ചു. സംഭവത്തെ തുടര്‍ന്ന് മയൂര്‍ വിഹാര്‍ ഫേസ് വണ്ണിലെ മുഴുവന്‍ കടകളും പൊലീസ് അടപ്പിച്ചു.
സംഭവത്തില്‍ നിസംഗ നിലപാട് സ്വീകരിക്കുന്ന ദില്ലി പൊലീസിനെതിരെ മലയാളി സംഘടനകള്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.