തൊഴിലാളികളായ പ്രവാസികളുടെ ജീവിതം വളരെ കാഠിന്യമേറിയതാണ്. അവര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങളില്‍ തകരുന്നത് നാട്ടിലെ കുടുംബവും ബന്ധുക്കളുമടക്കമുള്ള ആശ്രിതരാണ്. മത്സര ലോകത്ത് ഇവരെയൊന്നും കമ്പനികള്‍ കാണാറില്ല. ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് അവകാശങ്ങളും വൈകുന്നത് നിത്യ സംഭവങ്ങളാണ്. എന്നാല്‍ ഇതിന് അപവാദമായിരിക്കുകയാണ് ഹംബര്‍ട്ട് ലീ.
ഗള്‍ഫില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു.
ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഭാഷ അറിഞ്ഞില്ലെങ്കിലെന്താ കമ്പനിയുടെ ഉടമസ്ഥന്‍ കാട്ടിയ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുകയാണ് പ്രവാസ ലോകം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.