ദുല്‍ഖര്‍ സല്‍മാന്‍ എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തില്‍ അഭിനയിച്ചോ? കേട്ട് ഞെട്ടണ്ട, കമ്മട്ടിപ്പാടത്തിന്റെ കാര്യമാണ് പറഞ്ഞത്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ കൂടുതലായി ആക്ഷനും വയലന്‍സും ഉള്‍പ്പെട്ടതിനാലാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ചിത്രം 20 ആം തീയതി തിയേറ്ററുകളില്‍ എത്തും. 150 ഓളം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും. എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ് കമ്മട്ടിപ്പാടം പറയുന്നത്. കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അടുത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് ‘കമ്മട്ടിപ്പാടം.’
ഇന്ന് ഈ പേര് ആര്‍ക്കും ഓര്‍മ്മയില്ല. കാരണം പുരോഗതിയുടെ സ്പര്‍ശത്താല്‍ ആ പ്രദേശം ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍, ജവഹര്‍നഗര്‍, കുമാരനാശാന്‍നഗര്‍ എന്നിങ്ങനെ പല പല പേരുകളില്‍ വലിയനഗരമായി മാറി. പണ്ട് പാടവും വരമ്പുകളുമായി പരന്നുകിടന്നിരുന്ന ‘കമ്മട്ടിപ്പാടം’ മറവിയുടെ തീരത്താണ്.
അങ്ങനെ കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് രാജീവ് രവി തന്റെ ചിത്രത്തില്‍. ദുല്‍ഖര്‍സല്‍മാന്‍ കൃഷ്ണനായി അഭിനയിക്കുമ്പോള്‍ ഗംഗനായി പ്രത്യക്ഷപ്പെടുന്നത് വിനായകനാണ്.
ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. പി. ബാലചന്ദ്രന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കെ. ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം പകരുന്നു. മെയ് 20ന് സെഞ്ച്വറി ഫിലിംസ് ‘കമ്മട്ടിപ്പാടം’ തിയേറ്ററിലെത്തിക്കുന്നു.
ഷോണ്‍ റോമി, അമല്‍ഡ ലിസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി രസിക ദുഗാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.