അഹമ്മദാബാദ്: ഗുജറാത്തിലെ സോധന ഗ്രാമത്തില്‍ ദളിതനെ ഉയര്‍ന്നജാതിക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. 42 കാരനായ രാമ സിന്‍ഗ്രഹിയ ആണ് കൊല്ലപ്പെട്ടത്. സോധന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഉയര്‍ന്ന ജാതിയായ മെര്‍ സമുദായത്തില്‍പ്പെട്ട 46 പേര്‍ ചേര്‍ന്ന് രാമയെ തല്ലിക്കൊല്ലുകയായിരുന്നു. കാലികള്‍ മേയുന്ന പുറംമ്പോക്കില്‍ കൃഷിയിറക്കിയെന്നാരോപിച്ചാണ് രാമയെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്നത്. കൃഷിയിറക്കാന്‍ രാമയെ സഹായിച്ചു എന്നാരോപിച്ച് മറ്റുരണ്ടാളുകളെക്കൂടി ഇവര്‍ ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പര്‍ബത് കരവദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെ അറസ്റ്റു ചെയ്തു.
വില്ലേജ് സര്‍പഞ്ച് ഹര്‍ഭം കരവദ്രയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. ഇരുമ്പുദണ്ഡും മഴുവും കൊണ്ട് അദ്ദേഹത്തെ അടിച്ചുകൊല്ലുകയായിരുന്നു എന്നാണ് ഭഗ്‌വദര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ രാമന്‍ പിറ്റേദിവസം പി.ഡി.യു ജനറല്‍ ആശുപത്രിയില്‍വെച്ച് മരിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. രാമ വിത്തിട്ട സ്ഥലം കാലികളെ മേക്കുന്ന പുറംമ്പോക്കായിരുന്നു എന്നാണ് മെര്‍ സമുദായക്കാര്‍ ആരോപിക്കുന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി രാമ കൃഷി ചെയ്യുന്ന ഭൂമിയായിരുന്നു അതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം അവിടെ ദഹിപ്പിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ മൃതശരീരം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ദളിതരെ സംസ്‌കരിക്കുന്നതിനായി ഗ്രാമത്തില്‍ ഇപ്പോള്‍ ഒരിടമുണ്ട്. അവിടെ തന്നെ ഇയാളെയും സംസ്‌കരിച്ചാല്‍ മതിയെന്നാണ് മെര്‍ സമുദായാംഗം പറയുന്നത്.