ജയ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേടിയതിന്റെ ആഹ്ലാദത്തിന് മങ്ങലേല്‍പ്പിച്ച് ബിജെപിക്ക് രാജസ്ഥാനില്‍ വീണ്ടും പരാജയം. അടുത്തിടെ നടന്ന ലോക്‌സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ ബിജെപി തോല്‍വി എറ്റുവാങ്ങിയത്.
ആറ് ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്. 20 പഞ്ചായത്ത് സമിതികളില്‍ 12 എണ്ണത്തിലും കോണ്‍ഗ്രസാണ് വിജയം നേടിയത്. ബിജെപിക്ക് ഒരു ജില്ലാ കൗണ്‍സിലില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്. എട്ടു പഞ്ചായത്ത് സമിതി സീറ്റുകളിലും രണ്ടു മുനിസിപ്പല്‍ കൗണ്‍സിലിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി അവസാനം സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സിറ്റിംഗ് സീറ്റുകളും നഷ്ടമായിരുന്നു. രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.