തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ വന്‍ കടന്നുകയറ്റങ്ങള്‍ നടക്കുന്ന കാലമാണിത്. പ്രത്യോകിച്ചും സിനിമ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഭരണകര്‍ത്താക്കള്‍ തന്നെ പൗരന്റെ സ്വാതന്ത്യത്തിനെതിരെ വിലങ്ങ്തടിയായി നില്‍്ക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഇത്തരത്തിലുള്ള പശ്ചാത്തലത്തിലാണ് കമലിന്റെ ഇതിനോടകം തന്നെ വിവാദമായ ആമി ഒരുങ്ങുന്നത്.
പദ്മാവതി എന്ന ബോളിവുഡ് ചിത്രം റിലീസാവുന്നതിന് മുന്പ് ഉണ്ടായതു പോലുള്ള വിവാദം തന്റെ പുതിയ സിനിമയായ ആമി ഇറങ്ങിയ ശേഷം ഉണ്ടാവാമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ പറഞ്ഞു. എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന സിനിമയെ കുറിച്ച് കൗമുദി ഓണ്‍ലൈനിനോട് സംസാരിക്കുമ്പോഴാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആമിയുടെ ചിത്രീകരണ സമയത്ത് വെല്ലുവിളികളൊന്നും തന്നെ ഉണ്ടായില്ല. ഞാന്‍ ഉദ്ദേശിച്ചതു പോലെ തന്നെ ആ സിനിമ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഞ്ജുവാര്യര്‍ പരിപൂര്‍ണമായും മാധവിക്കുട്ടിയായി മാറുകയാണ് ആ സിനിമയില്‍. എന്നാല്‍, വെല്ലുവിളികള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. മാധവിക്കുട്ടി എന്ന എല്ലാവര്‍ക്കും പരിചിതയായ സ്ത്രീയെ പ്രേക്ഷകരുടെ മനസിലുള്ളത് പോലെയാവില്ല ഞാന്‍ ചിത്രീകരിച്ചിട്ടുണ്ടാവുക.
മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതം, ആദ്യകാലം മുതല്‍ മതം മാറിയതു വരെയുള്ള കാലഘട്ടം ഞാന്‍ എന്റെ കാഴ്ചപ്പാടിലാണ് ചിത്രീകരിക്കുന്നത്. അതിനോട് വിയോജിപ്പുള്ളവര്‍ എതിര്‍ത്തേക്കാം. പദ്മാവതിക്ക് നേരിടേണ്ടി വന്നതു പോലെയുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഇതൊക്കെ മുന്‍കൂട്ടി കണ്ട് തന്നെയാണ് സിനിമ ചെയ്തത് – കമല്‍ പറഞ്ഞു.
ഭരണകൂടം അനാവശ്യമായി കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുണ്ട്. സാംസ്‌കാരിക ഫാസിസം എന്നേ ഇതിനെ പറയാനാവൂ. എഴുത്തുകാര്‍ക്കു മേലും കൈകടത്തലുണ്ട്. അവരെ നിശബ്ദരാക്കാന്‍ വേണ്ടി കൊലപാതകം വരെ പല വര്‍ഗീയ സംഘടനകളും നടത്തുന്നു. സിനിമയെ ആക്രമി ക്കുന്നതിലൂടെ ആ സംഘടനയ്ക്ക് കിട്ടാവുന്ന ശ്രദ്ധയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നതആരും അറിയാതെ കിടന്ന കടലാസ് സംഘടനയ്ക്ക് ജനശ്രദ്ധ കിട്ടുക എന്നതായിരിക്കാം ഈ വിവാദങ്ങളിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്.
തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന താന്‍പോരിമ ഇവിടെ നിലനില്‍ക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാല്‍ മാത്രമെ സിനിമ തീയേറ്ററില്‍ എത്തുകയുള്ളൂ. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡില്‍ പോലും ഭരണകൂടം കൈകടത്തുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് ഉണ്ടായിരിക്കെ ഈ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ചില സംഘടനകള്‍ ആവശ്യപ്പെടുന്നത് അസഹിഷ്ണുതയാണ്. പദ്മാവതി വിവാദത്തിന് പിന്നില്‍ തികച്ചും രാഷ്ട്രീയ കാരണങ്ങളാണുള്ളത്. സിനിമ തീയേറ്ററിലെത്തുന്നതിന് മുന്പുള്ള പ്രതിഷേധം ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ചലച്ചിത്രകാരന്മാരെ ഭീഷണിപ്പെടുത്തിക്കളയാമെന്ന ഉമ്മാക്കിത്തരം ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലെന്നും കമല്‍ പറഞ്ഞു.
മഞ്ജു വാര്യരും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമി ജനുവരിയില്‍ തീയേറ്ററുകളിലെത്താനിരിക്കുകയാണ്. അനൂപ് മേനോന്‍, മുരളി ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.