ദില്ലി: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് പറയുന്നത്. മഅ്ദനി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അദ്ദേഹത്തെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരളത്തില്‍ എത്തിയാല്‍ മഅ്ദനി കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്ക്കായി കേരളത്തില്‍ പോകണമെന്ന മദനിയുടെ അപേക്ഷയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ബംഗളുരു സ്ഫാടനക്കേസിലേതടക്കം മഅ്ദനി സമര്‍പ്പിച്ച ഹര്‍ജികളാണ് പുതിയ ബെഞ്ച് പരിഗണിക്കുക.