കോട്ടയം :അഭയ കേസ് അട്ടിമറിക്കപ്പെട്ടു !..കേസിന്റെ വിചാരണക്കിടെ നിസഹായത വ്യക്തമാക്കി പ്രോസിക്യൂഷന്‍. മുഴുവന്‍ സാക്ഷികളും പ്രതികളുടെ കസ്റ്റഡിയിലാണെന്നും ഒരാള്‍ പോലും സത്യം പറയുമെന്ന് തോന്നുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രധാന സാക്ഷികളിലൊരാളായ സഞ്ജു പി മാത്യുവും കൂറ് മാറി. സഞ്ജുവിനെതിരെ കേസെടുക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി രണ്ടാം ദിവസവും അഭയാകേസില്‍ സാക്ഷികള്‍ കൂറ് മാറുകയാണ്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ സഞ്ജു പി മാത്യുവാണ് ഇന്ന് കൂറ് മാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ തോമസ് കോട്ടൂരിന്റെ ഇരു ചക്രവാഹനം പയസ് കോണ്‍വെന്റിന്റെ മുന്നിലുണ്ടായിരുന്നെന്നായിരുന്നു സഞ്ജു പി മാത്യുവിന്റെ മൊഴി.
അതിനു മുമ്പും ഫാദര്‍ തോമസ് കോട്ടൂരിന്റെ വാഹനം രാത്രി കാലങ്ങളില്‍ കോണ്‍വെന്റിനു മുന്നില്‍ കാണാറുണ്ടെന്നും സഞ്ജു മൊഴി നല്‍കിയിരുന്നു. ഇത് രഹസ്യമൊഴിയായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം തന്നെ സി.ബി.ഐ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് സഞ്ജു മൊഴി നല്‍കി. ദിവസങ്ങളോളം തന്നെ കസ്റ്റഡിയില്‍ വച്ചെന്നും സഞ്ജു കോടതിയോട് പറഞ്ഞു.
സഞ്ജു പറയുന്നത് പച്ച കളളമാണെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ഒരു പാവം പെണ്‍കുട്ടി കൊല്ലപ്പെട്ട കേസാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. തങ്ങള്‍ നിസഹായരാണെന്നും മുഴുവന്‍ സാക്ഷികളും പ്രതികളുടെ കസ്റ്റഡിയിലാണെന്നും ഇങ്ങനെ പോയാല്‍ ഒരാള്‍ പോലും സത്യം പറയുമെന്ന് തോന്നുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഇതോടെ കൂറുമാറിയ സാക്ഷി സഞ്ജുവിനെതിരെ കേസെടുക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. കേസ് 29ന് വീണ്ടും പരിഗണിക്കും. അന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജുവിനെ വിസ്തരിക്കും.