തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ പുനര്‍വിചാരണ തുടങ്ങുന്നു. അടുത്ത മാസം 8 നാണ് പുനര്‍വിചാരണ തുടങ്ങുക. പ്രത്യേക സി.ബി.ഐ കോടതിയിലാകും വിചാരണ നടക്കുന്നത്. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന നിരോധന ഉത്തരവുകള്‍ നീങ്ങിയതിനെത്തുടര്‍ന്നാണ് വിചാരണ പുനരാരംഭിക്കുന്നത്.
ഫാ. തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി ,കെ.റ്രി.മെക്കിള്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്. തെളിവ് നശിപ്പിച്ച കുറ്റത്തിന് മുന്‍അന്വേഷണ ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്.പി യുമായിരുന്ന കെ.റ്റി മൈക്കിളിനെ കോടതി നേരിട്ട് പ്രതിയാക്കി.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ പിതാവ് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നടന്ന സിബി.ഐ അന്വേഷണത്തിലാണ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കോട്ടയം ബി.സി.എം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു സിസ്റ്റര്‍ അഭയ. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടയില്‍ ക്രൈംബ്രാഞ്ച് കേസിലെ പല നിര്‍ണ്ണായക തെളിവുകളും നശിപ്പിച്ചിരുന്നു.
അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടവയില്‍ ഉണ്ടായിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ എസ്.പി വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തില്‍ വര്‍ഗീസ് പി. തോമസ് വെളിപ്പെടുത്തി.
സര്‍വീസ് ഏഴുവര്‍ഷം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം ജോലി രാജി വയ്ക്കുകയും ചെയ്തു. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസ് ആരോപണം ഉന്നയിച്ചിരുന്നു.