ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കര്‍ണ്ണന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ദലിതനായതിനാല്‍ കര്‍ണനെ വേട്ടയാടുകയാണെന്നാരോപിച്ച് ഒരുകൂട്ടം അഭിഭാഷകര്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ ധര്‍ണ നടത്തി. ഇതോടെ വിവാദങ്ങള്‍ക്ക് പുതിയ മാനം വരികെയാണ്. എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു കര്‍ണ്ണന്റെ യാത്ര.
2009ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായതു മുതല്‍ ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന പേര് വിവാദങ്ങളിലുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പുരാണത്തിലെ കര്‍ണനു കവചകുണ്ഡലങ്ങളെന്ന പോലെയാണു ജസ്റ്റിസ് സിഎസ് കര്‍ണനു വിവാദങ്ങള്‍. കര്‍ണ്ണനെന്ന പേര് സ്വയം സ്വീകരിച്ചതാണ്. എസ്. കരുണാനിധി എന്നതായിരുന്നു വീട്ടുകാരിട്ട പേര്. സംഖ്യാശാസ്ത്രത്തിലെ വിശ്വാസം മൂലമാണു പിന്നീട് സി.എസ്. കര്‍ണന്‍ എന്ന പേര് സ്വീകരിച്ചത്. പിതാവ് സി. സ്വാമിനാഥന്റെ ചുരുക്കമാണു സി.എസ്. അങ്ങനെ കര്‍ണ്ണന്‍ സിഎസായി.
രാഷ്ട്രീയവും വശമുണ്ടായിരുന്നു. പേര് കരുണാനിധി എന്നായിരുന്നെങ്കിലും അടുപ്പം അണ്ണാ ഡിഎംകെയോടായിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ ബൂത്ത് തല തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു. ഇതിന് ശേഷമാണ് ജഡ്ജിയായി മാറിയത്. ജയലളിതയുമായും നല്ല അടുപ്പമുണ്ടായിരുന്നു. ദലിത് ആതാമാഭിമാനം മനസ്സില്‍ നിറച്ച വ്യക്തി. തനിക്ക് രണ്ടു പിതാക്കന്മാരുണ്ടെന്നു കര്‍ണന്‍ അഭിമാനത്തോടെ പറയും ഒന്ന്, പിതാവ് സി.സ്വാമിനാഥന്‍, രണ്ട്, ഭരണഘടനാശില്‍പി ഡോ. ബി.ആര്‍.അംബേദ്കര്‍. വിവാദങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങല്‍ പതിവില്ല. അതുകൊണ്ട് തന്നെ ഈ വിവാദത്തേയും അങ്ങനെ തന്നെ കര്‍ണ്ണന്‍ എടുക്കുന്നു. അതുകൊണ്ടാണ് പൊലീസിന് പിടികൊടുക്കാത്തതും.
കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണനെ അറസ്റ്റുചെയ്യാനാകാതെ പശ്ചിമബംഗാള്‍ പൊലീസ് വലയുന്നു. ബുധനാഴ്ച രാവിലെയാണ് പശ്ചിമബംഗാള്‍ ഡി.ജി.പി.(ഹോം ഗാര്‍ഡ്) സുര്‍ജിത് പുര്‍കൈഷ്, എ.ഡി.ജി.പി. രണ്‍വീര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചുപേര്‍ ചെന്നൈയില്‍ എത്തിയത്. എന്നാല്‍, ജസ്റ്റിസ് കര്‍ണന്‍ അപ്പോഴേക്കും നഗരം വിട്ടിരുന്നു. സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ അതിവേഗം കര്‍ണ്ണനെ പിടിക്കാന്‍ ചെന്നൈയില്‍ എത്തിയത്.
വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഇന്നലെ പുലര്‍ച്ചെ വരെ അദ്ദേഹം ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശില്‍ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു പോയതായി സൂചന ലഭിച്ചു. എന്നാല്‍ അവിടെ എത്തിയ പൊലീസിന് ജസ്റ്റീസ് കര്‍ണ്ണനെ കണ്ടെത്താനായില്ല. ചെപ്പോക്കില്‍നിന്നു പുറപ്പെടുമ്പോള്‍ രണ്ട് അഭിഭാഷകരും ഒപ്പമുണ്ടായിരുന്നുവെന്നാണു വിവരം. വാഹനമോടിക്കുന്നതു സര്‍ക്കാര്‍ ഡ്രൈവറാണെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമത്തിലാണു പൊലീസ്. കാളഹസ്തിയിലേക്കുള്ള ചെന്നൈനെല്ലൂര്‍ പാതയില്‍ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.
ഡിഐജി രാജ് കനോജിയയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്ത പൊലീസിന്റെ അഞ്ചംഗ സംഘം ചെന്നൈ പൊലീസ് കമ്മിഷണര്‍ കരണ്‍ സിംഘ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമാണു ഗെസ്റ്റ് ഹൗസിലെത്തിയത്. സുപ്രീം കോടതി വിധി വന്നശേഷം ചെന്നൈയിലെത്തിയ ജസ്റ്റിസ് കര്‍ണന്‍ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ഇവിടെയായിരുന്നു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ അതിരാവിലെ ഇവിടെനിന്നു പുറപ്പെട്ടതായും ഇന്ന് ഉച്ചയോടെ തിരിച്ചെത്തുമെന്നാണു പറഞ്ഞതെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ജസ്റ്റിസ് കര്‍ണന്‍ മുറി ഒഴിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ മുറി ഒഴിയുകയും ചെയ്തു. പിന്നീട്, ഗ്രീന്‍വേഴ്‌സ് റോഡിലെ കര്‍ണന്റെ വസതിയിലും ചൂളൈമേട്ടിലെ മകന്റെ വസതിയിലും പൊലീസ് തിരച്ചില്‍ നടത്തി.
തമിഴ്‌നാട് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയായ തട എന്ന സ്ഥലത്തുനിന്നാണു സിഗ്‌നല്‍ ലഭിച്ചതെന്നു കണ്ടെത്തി. എന്നാല്‍ ഇവിടെയും സമീപപ്രദേശമായ സൂളൂര്‍പേട്ടിലും നടത്തിയ തിരച്ചിലും വിഫലമായി. ചൊവ്വാഴ്ച പുലര്‍ച്ചയൊണ് ജസ്റ്റിസ് കര്‍ണന്‍ പൊലീസ് അകമ്പടിയോടെ കൊല്‍ക്കത്ത ന്യൂടൗണിലെ വസതിയില്‍നിന്ന് വിമാനത്താവളത്തിലേക്ക്. പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈയിലേക്ക്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറു മാസം തടവ് വിധിച്ചതോടെയാണ് കര്‍ണ്ണന് വേണ്ടിയുള്ള അന്വേഷണം തുടരുന്നത്.