സുപ്രീം കോടതി ജഡ്ജി അടക്കം ആറ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണ്ണന്റെ ഉത്തരവ്; തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകാനും ആവശ്യം

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ഇവര്‍ക്കെതരായ കേസ് കഴിയും വരെ വിദേശ യാത്രക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണ്ണന്‍. ഏപ്രില്‍ 13ന് പട്ടികജാതി, പട്ടികവര്‍ഗ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ മറ്റ് ആറ് ജഡ്മിമാര്‍ എന്നിവര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 28ന് തന്റെ വസതിയിലെ കോടയില്‍ ഹാജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നായിരുന്നു ജസ്റ്റിസ് കര്‍ണനെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. മാര്‍ച്ച് 31ന് മുമ്പ് കോടതി മുമ്പാകെ ഹാജരാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് അംഗം ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരേ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹാജരായ ജസ്റ്റിസ് കര്‍ണന്‍ തന്റെ നിയമപരവും ഭരണനിര്‍വഹണപരവുമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.

താന്‍ ദളിതനായതിനാലാണ് ഇരയാക്കപ്പെടുന്നതെന്നും വിഷയം പാര്‍ലമെന്റിലേക്ക് വിടണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതിയിരുന്നു. വിവാദപ്രസ്താവനകളും കത്തുകളുമെല്ലാം പിന്‍വലിച്ച് നിരുപാധികം മാപ്പുപറയാന്‍ തയ്യാറുണ്ടോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ജസ്റ്റിസ് കര്‍ണന്‍ വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.

കോടതിയലക്ഷ്യപെരുമാറ്റത്തെത്തുടര്‍ന്ന് കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് കല്‍ക്കട്ടയിലേക്ക് മാറ്റുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് ജസ്റ്റിസ് കര്‍ണനയച്ച കത്തിലാണ് കോടതിയലക്ഷ്യമുണ്ടെന്ന് ആരോപണമുയര്‍ന്നത്.

എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് കര്‍ണന്‍തന്നെ സ്റ്റേചെയ്തു. അതേദിവസംതന്നെ കര്‍ണന്റെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റിയശേഷമുള്ള കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സമാന്തര കോടതിയായി കര്‍ണന്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

Top