അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവ് ;അവസാനം…  

ജയ്പൂര്‍ :ബസ് അപകടത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ പ്രദേശ വാസികള്‍ ആട്ടിയോടിച്ചു. രാജസ്ഥാനിലെ ധോല്‍പുരയ്ക്കടുത്ത് ബാണ്ഡിയില്‍ നിന്നും കരോളയിലേക്ക് വരുകയായിരുന്ന ബസ്സാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. ഒരു കുന്നിന്‍ ചെരുവ് ഇറങ്ങുന്നതിനിടെ ബസ്സിന്റെ നിയന്തണം വിട്ട് പോയതാണ് അപകട കാരണം. അപകടം നടക്കുമ്പോള്‍ ബസ് 90 കിലോമിറ്ററിന് മുകളില്‍ സ്പീഡിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് പരിക്കേറ്റ യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കി. 40 പേരെ മാത്രം കയറ്റുവാന്‍ അനുമതി ഉണ്ടായിരുന്ന ബസ്സില്‍ 60 പേരിലധികം യാത്ര ചെയ്തതും അപകടത്തിന് വഴിയൊരുക്കി. അമിത വേഗതയില്‍ സഞ്ചരിച്ച ബസ് കുന്നിറങ്ങുന്നതിനിയെ നിയന്ത്രണം നഷ്ടപ്പെട്ടു റോഡില്‍ മറയുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ 20 പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിന്റെ ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ബസ് മറിഞ്ഞയുടന്‍ ചിലര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പരിക്കേറ്റ് കാലും കൈയ്യും ബസ്സിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ അടുത്ത് നിന്നായിരുന്നു ഇവര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ ആട്ടിയോടിച്ചു.

Top