സെല്‍ഫി എടുക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം

ഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ബന്ധുവായ ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ സരിതാ വിഹാറിലാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവം. സരിതാ വിഹാറിലെ വീട്ടില്‍ രണ്ടു പേരും തോക്കു ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടയില്‍ ഇരുപത്തിമൂന്നുകാരന് പോയിന്റ് ബ്ലാങ്കില്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്കുപയോഗിച്ച് പതിനേഴുകാരനായ പ്രശാന്ത് ചൗഹാനും, ബന്ധുവായ യുവാവും വീട്ടിനുള്ളില്‍ തന്നെ തോക്കു ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവിനെ പ്രശാന്ത് ചൗഹാന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പതിനേഴുകാരനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈയ്യില്‍ ലൈസന്‍സുള്ള തോക്ക് നല്‍കിയതിന് ഇയാളുടെ പിതാവിനെതിരെയും നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട 23-കാരന്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

Top