കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം നടന്നത്. 10 പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയച്ചതെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത് അപകടത്തില്‍പ്പെട്ടവരുടെയും മരണമടഞ്ഞവരുടെടെയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രമുമായി ബന്ധപ്പെടണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). കൂടുതല്‍ വിവരങ്ങള്‍ അറിയാം..
അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് ഒത്തൊരുമിക്കാം. എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 13 മലയാളികളെ തിരിച്ചറിഞ്ഞു.സേലം- കോയമ്പത്തൂര്‍ ഹൈവേയിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി ടയര്‍ പൊട്ടി റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ വലതുഭാഗം നിശ്ശേഷം ഇല്ലാതായി. നാട്ടുകാരും പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരെും പുറത്തെടുക്കാനായത്.
48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലെ ഡ്രൈവർ കം കണ്ടക്ടര്‍മാരായ പെരുമ്പാവൂർ സ്വദേശി ഗിരീഷ്, പിറവം വെളിയനാട് സ്വദേശി ബൈജു എന്നിവരും തത്ക്ഷണം മരിച്ചു. എന്നാല്‍ ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതുവരെ തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും മലയാളികളാണ്. പരിക്കേറ്റ 13 പേരെ തിരുപ്പൂരിലെയും അവിനാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രനും മന്ത്രി വി.എസ് സുനില്‍കുമാറും അവിനാശിയിലെത്തി. പാലക്കാട് ജില്ലാകലക്ടര്‍, എസ്.പി എന്നിവരും കെ.എസ്.ആര്‍.ടി.സിയുടെ ഉന്നതോദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി.
കെഎസ്ആർടിസിയുടെ കണക്കുപ്രകാരം ബസിൽ സഞ്ചരിച്ചവരിൽ മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും പേരുവിവരങ്ങള്
മരിച്ചവര്‍
രാഗേഷ് കെ – പാലക്കാട്, ജിസ് മോന്‍ ഷാജു – മൂപ്പന്‍കവല, നസീഫ് മുഹമ്മദ് അലി – തൃശൂര്‍, ബൈജു – വെളിയനാട്, ഐശ്വര്യ – പാലക്കാട്, ഗിരീഷ് – എറണാകുളം, കിരണ്‍ കുമാര്‍, ഹനീഷ് – തൃശൂര്‍, ശിവകുമാര്‍ – ഒറ്റപ്പാലം, റോസ്ലി ജോൺ – പാലക്കാട്, ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ് (44), കണ്ടക്ടർ പിറവം വെളിയനാട് സ്വദേശി ബൈജു (42)
ചികിത്സയിൽ കഴിയുന്നവർ
ചികിത്സ- ദേവി ദുര്‍ഗ, സോണ സണ്ണി, മാനസി മണികണ്ഠന്‍, ബിന്‍സി ഇഗ്നി, ജെമിന്‍ ജോര്‍ജ് ജോസ്, അജയ് സന്തോഷ്, മാരിയപ്പന്‍, ഇഗ്നേഷ്യസ് തോമസ്, വിനോദ്, എസ് എ മലാവാട്, നിപിന്‍ ബേബി, ക്രിസ്റ്റോ ചിറക്കേക്കാരന്‍, അഖില്‍