മൂവാറ്റുപുഴ: നാടിന്റെ നൊമ്പരമാകുകയാണ് രേവതി ടീച്ചറുടെ മരണം. സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കുട്ടികളെ സ്‌നേഹിച്ച അധ്യാപിക കുട്ടികള്‍ക്കായി തന്റെ ജീവനും നല്‍കിയിരിക്കുന്നു. യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന രേവതി മരണത്തിന് കീഴടങ്ങി. സ്‌കൂളിലെ മലയാളം അധ്യാപികയായിരുന്നു രേവതി.
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു മരണം. നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ടീച്ചര്‍. കഴിഞ്ഞ ജൂണ്‍ 21-ന് രാവിലെ 8.30-ഓടെ വിവേകാനന്ദ വിദ്യാലയത്തിന്റെ മുറ്റത്ത് യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു അപകടം.
21നു സ്‌കൂള്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ വരിയായി നിര്‍ത്തുമ്പോഴായിരുന്നു അപകടം. സ്‌കൂള്‍ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ടുവന്ന് അപകടമുണ്ടാക്കിയത്. കാറിനു മുന്നില്‍നിന്നു വിദ്യാര്‍ഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപ്പോഴും ‘ഓടിമാറൂ മക്കളേ…’ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു അവര്‍. തലയ്ക്കും നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റ രേവതി ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്കാര്‍ക്കും സാരമായ പരുക്കേല്‍ക്കാതെ രക്ഷിച്ചത് രേവതിയുടെ ഇടപെടലാണ്.
ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാര്‍ഥികളുടെ കാര്യം. മൃതദേഹം ഇന്നു 11നു വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം രണ്ടിന് അരിക്കുഴയില്‍. ഹോട്ടല്‍ ജീവനക്കാരനായ ദീപുവാണ് ഭര്‍ത്താവ്. മൂന്നു വയസ്സുകാരി അദ്വൈത മകളാണ്.