ആര്യ കുറേ നാളായി വിവാഹം കഴിക്കാനായി നടക്കുകയാണ്. വധുവിനെ കണ്ടെത്താനായി റിയാലിറ്റിഷോ വരെ നടത്തിയിട്ടിട്ടും ആര്യയുടെ മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉടന്‍തന്നെ താരം വിവാഹിതനാവുമെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവഅഭിനേത്രിയും ഗജനീകാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയുമായ സയേഷ സൈഗാളാണ് താരത്തിന്റെ മനസ്സു കീഴടക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍.
ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്കെത്തുന്നത്. കെവി ആനന്ദ്-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്‌ക്കെതിരേ തുടക്കം മുതലേ തന്നെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. തന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുമെന്നായിരുന്നു അന്ന് താരം പറഞ്ഞത്.
വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്‍രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്പോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. എന്തായിരുന്നാലും ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍. ആര്യയെ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തവരൊക്കെ ഇനി എന്ത് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അബര്‍നദിയും സീതാലക്ഷ്മിയുമൊക്കെ ഇപ്പോഴും താരത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്. സയേഷ അവരെയൊക്കെ നിരാശപ്പെടുത്തുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.