തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ മുന്നിലിരുത്തി നിർത്തി പൊരിച്ച് നടൻ ജയസൂര്യ .മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനമാണ് നടൻ നടത്തിയത് . റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലല്ലോ എന്നും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമര്‍ശനം. മഴക്കാലത്ത് റോഡു നന്നാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വി കെ പ്രശാന്ത് എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് മഴക്കാലത്ത് റോഡ് നന്നാക്കാനാകില്ലെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡേ കാണില്ലല്ലോയെന്ന് ജയസൂര്യ പറഞ്ഞത്.
മഴയുടെ കാര്യങ്ങള്‍ പറഞ്ഞ് ഒഴിയാവാനില്ല. അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാകില്ല. പല കാരണങ്ങളുണ്ടാകും. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. റോഡ് ടാക്‌സ് അടയ്ക്കാന്‍ വേണ്ടി ഒരുത്തന്‍ ലോണ്‍ എടുത്തും ചിലപ്പോള്‍ ഭാര്യയുടെ മാല പണയം വെച്ചും ഒക്കെയായിരിക്കും നികുതി അടയ്ക്കുക.
അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ പറ്റൂ. അതിന് വേണ്ടി എന്തൊക്കെ റിസ്‌ക് എടുക്കുന്നു എന്നതെല്ലാം സ്വാഭാവികമായി ജനങ്ങള്‍ അറിയേണ്ടതില്ല എന്നും ജയസൂര്യ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വാഗമണ്ണില്‍ ഷൂട്ടിന് പോയപ്പോള്‍ മോശം റോഡായിരുന്നു. ഇക്കാര്യം മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നതായും ജയസൂര്യ വെളിപ്പെടുത്തി.
വളരെ എനര്‍ജെറ്റിക്കായ മന്ത്രി.
ഇപ്പോള്‍ റോഡ് നന്നാക്കാനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നല്ല റോഡുകള്‍ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ അഭിപ്രായപ്പെട്ടു. ടോളുകള്‍ക്ക് നിശ്ചിത കാലാവധി ഏര്‍പ്പെടുത്തണം. പല ഭാഗങ്ങളിലും വളരെക്കാലം ടോളുകള്‍ പിരിക്കുന്ന സാഹചര്യമുണ്ട്. ഈതൊഴിവാക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങളെ നടന്‍ പ്രശംസിച്ചു. വളരെ എനര്‍ജെറ്റിക്കായ മന്ത്രിയാണ് റിയാസ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.
പൊതുമരാമത്ത് പ്രവൃത്തികള്‍ സുതാര്യമാകുന്നതിന്റെ നിര്‍ണായക ചുവടുവെയ്പ്പാണ് നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ തന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ വിമര്‍ശനത്തില്‍ മന്ത്രി റിയാസ് മറുപടി പറഞ്ഞില്ല. ചടങ്ങില്‍ മേയര്‍ ആര്യാരാജേന്ദ്രനും പങ്കെടുത്തു.