കാഴ്ചയില്ലാത്തവനായി ഹൈദരാബാദില്‍ മൂന്ന് ദിവസം കഴിഞ്ഞു: ജയസൂര്യ

കഥാപാത്രമാകാന്‍ എന്തു കഠിനാദ്ധ്വാനം ചെയ്യാനും മടിക്കാത്ത താരമാണ് ജയസൂര്യ. മേക്ക് ഓവറിലെ മാറ്റം മാത്രമല്ല കഥാപാത്രത്തെ ആഴത്തില്‍ പഠിക്കാനും ജയസൂര്യ ശ്രമിക്കാറുണ്ട്. ഹാപ്പി ജേര്‍ണി എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടി താന്‍ കാഴ്ചയില്ലാത്തവനെ പോലെ നഗരത്തില്‍ നടന്നിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. അന്ധരുടെ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ലഭിക്കുന്ന ആരോണ്‍ എന്ന യുവാവിന്റെ കഥയായിരുന്നു ഹാപ്പി ജേര്‍ണി പറഞ്ഞത്. ചിത്രത്തിന്റെ തയ്യാറെടുപ്പിനായി കാഴ്ചയില്ലാത്തവനായി മൂന്ന് ദിവസം ഹൈദരാബാദില്‍ ജീവിച്ചിട്ടുണെന്ന് ജയസൂര്യ പറയുന്നു. കേരളത്തില്‍ എല്ലാവരും തിരിച്ചറിയും അതുകൊണ്ടാണ് ഹൈദരാബാദില്‍ പോയത്. നമ്മളെ തിരിച്ചറിയാത്ത സ്ഥലമാകുമ്പോള്‍ അന്ധരോട് സമൂഹത്തിന്റെ സമീപനം എങ്ങനെയെന്ന് അറിയാനാകും. കാഴ്ചയില്ലാത്ത ആളെപ്പോലെ അവിടെ കൂളായി പാര്‍ക്കിലൊക്കെ പോയിരുന്നു. റൈഡുകളില്‍ കയറുമ്പോഴൊക്കെ സ്‌നേഹത്തോടെയാണ് ആള്‍ക്കാര്‍ പെരുമാറിയെതെന്നും ജയസൂര്യ പറയുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ എന്‍എസ്എസുമായി സഹകരിച്ച് നടത്തുന്ന കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജയസൂര്യ. സര്‍ക്കാര്‍ സഹായത്തോടെയാണ് കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം’ പദ്ധതി നടപ്പാക്കുന്നത്. ഹാപ്പി ജേര്‍ണി വിജയിക്കാതെ പോയതില്‍ വിഷമമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ ഈ ചടങ്ങില്‍ നില്‍ക്കുമ്പോള്‍ ഇതിനുവേണ്ടിയാണ് ആ സിനിമ ഉണ്ടായതെന്ന് തോന്നുന്നുവെന്നും ജയസൂര്യ പറഞ്ഞു.

Top