തെരുവുനായ കൊല്ലുന്നതിന് തടസമാകുന്ന നായസ്‌നേഹികളോട് നടന്‍ ജയസൂര്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ. പട്ടിക്കാണോ കുട്ടിക്കാണോ ഈ നാട്ടില്‍ വിലയെന്ന് നടന്‍ ജയസൂര്യ ചോദിക്കുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ അധികൃതര്‍ നടപടി ഇനിയും സ്വീകരിച്ചില്ലെങ്കില്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
പട്ടി-ണി എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന കുറിപ്പില്‍ മനേക ഗാന്ധി ഉള്‍പ്പടെയുള്ള നായസ്നേഹികളുടെ പ്രസ്താവനകള്‍ക്കെതിരെയും ജയസൂര്യ തുറന്നടിക്കുന്നുണ്ട്. നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചതെങ്കില്‍ നമ്മള്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു. കൊല്ലത്ത് ഏഴുവയസ്സുകാരനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരുക്കേറ്റതിന്റെ ഒരു പത്രവാര്‍ത്തയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവര്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ? അവിടുത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കില്‍ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം. അത് ഇനി ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? രാപകലില്ലാതെ ജവാന്‍മാര്‍ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്. മരത്തില്‍ കേറുന്നതാണോ പരിഹാരം. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍, എന്താണ് ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കുമോയെന്നും ജയസൂര്യ ചോദിക്കുന്നു.
തെരുവിലെ ഒരു പട്ടിയുടെ വില പോലും തങ്ങള്‍ക്ക് തന്നില്ലെങ്കില്‍ തിരിച്ചും ആ വില തന്നെ തരാനെ നിവര്‍ത്തിയുള്ളൂ. ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കില്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതില്‍ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രമേ കാണൂ എന്ന് പറഞ്ഞ് ജയസൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നു.