ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടന്‍ കെ.എല്‍. ആന്റണി വിടപറഞ്ഞു. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തിയ ആന്റണി നാടകങ്ങളിലൂടെയാണ് പ്രശ്‌സ്തിയിലേക്കുയര്‍ന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി
ഫോര്‍ട്ട് കൊച്ചിക്കാരനാണു കെ.എല്‍. ആന്റണി. പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജന്‍ സംഭവമായിരുന്നു വിഷയം.
പ്രമുഖ പ്രസാധകരൊന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനും തയാറാകാത്ത സാഹചര്യത്തിലാണ് ആന്റണി സ്വന്തം പുസ്തകങ്ങള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകള്‍ തോറും കയറി വില്‍ക്കുന്നതിനെ ഒരു കുറവായി ആന്റണി കണക്കാക്കിയില്ല. അങ്ങനെ നടന്ന ദൂരം വെറുതേ കണക്കാക്കിയാല്‍ ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു മടങ്ങിയെത്താനുള്ളതിനെക്കാള്‍ ദൂരം താണ്ടിയിട്ടുണ്ടാകും ആന്റണി.
പല പ്രമുഖരുടെയും പുസ്തകങ്ങള്‍ 10,000 കോപ്പികളില്‍ താഴെമാത്രം വിറ്റഴിയുമ്പോള്‍ ആന്റണിയുടെ പുസ്തകങ്ങളില്‍പ്പലതും അരലക്ഷത്തിലേറെ കോപ്പികള്‍ വിറ്റു തീര്‍ന്നിട്ടുണ്ട്. പ്രസാധകരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വില്‍ക്കും. അക്കൂട്ടത്തില്‍ സ്വന്തം മകന്‍ ലാസര്‍ ഷൈനിന്റെ കഥയും കവിതയും ഉള്‍പ്പെടുന്ന രണ്ടു പുസ്തകങ്ങളുടെ പത്താം പതിപ്പു കഴിഞ്ഞു. വിറ്റുകിട്ടുന്ന പണമൊന്നും സമ്പാദ്യത്തിലേക്കു ശേഖരിക്കുകയല്ല, സ്വന്തം നാടക സമിതിയുടെ നാടകങ്ങള്‍ക്കുള്ള മൂലധനമാണത്.
1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ പൂച്ചാക്കല്‍ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ പൂച്ചാക്കലില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ആന്റണി എഴുതി സംവിധാനം ചെയ്ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കുശേഷം, എഴുപത്തിമൂന്നുകാരനായ ആന്റണിയും അറുപതുകാരിയായ ലീനയും വീണ്ടും വേദിയില്‍ ഒന്നിച്ച, രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകമായിരുന്നു 2013ല്‍ അവതരിപ്പിച്ച അമ്മയും തൊമ്മനും. അതില്‍ ആന്റണിയുടെ അമ്മ വേഷമാണു ലീന ചെയ്തത്. അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി എന്നിവരാണ് ആന്റണിയുടെ മക്കള്‍.