കൊച്ചി:നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണിയുടേത് കരള്‍ രോഗം മൂലമുള്ള മരണമാണ്. തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. 2017ല്‍ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. മണിയുടെ വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം ബാധിച്ചതിനാല്‍ മദ്യത്തിന്റെല അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അതാണ് മരണത്തിലേക്ക് നയിച്ചതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം സംബന്ധിച്ച് പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ നുണപരിശോധന നടത്തിയിരുന്നതായി സി.ബി.ഐ അറിയിച്ചു.
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു.ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മിഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്നതാണ് അന്നും കണ്ടെത്തിയത്.