വേർപിരിഞ്ഞിട്ടും പിരിയാത്ത ഇണകൾ..!! സിനിമാ ലോകം അസൂയയോടെ കണ്ട ഒരു ദാമ്പത്യം

നടൻ സത്താറിൻ്റെ ഓർമ്മകൾ ഒരു തലമുറയിലെ മലയാളി സിനിമാ പ്രേമികളുടെ മനസിൽ തെളിമയോടെ നിൽക്കുന്നതാണ്.  എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് 1976ലാണ് വിൻസന്റ് സംവിധാനം ചെയ്ത അനാവരണത്തിൽ നായക വേഷത്തിലാണ് എത്തിയത്.

പ്രേംനസീർ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. തുടർന്നാണ് “അനാവരണ “ത്തിലേക്കുള്ള കാൽവയ്പ്പ്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് നിറഞ്ഞു നിന്നു. “ശരപഞ്ജരം ” അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്.

നായകനായും വില്ലനായും മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ. എൺപതുകളിലെ ഹിറ്റ് ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്-തെലുങ്ക് ഭാഷകളിലും അഭിനയ മികവ് കാഴ്ചവച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകൾ,അനാവരണം, പറയാൻ ബാക്കിവച്ചത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി. മലയാള സിനിമയിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിൽപോയി മറഞ്ഞിരിക്കുകയാണ് സത്താർ എന്ന മഹാനടനിന്ന്.

പ്രേംനസീർ, ജയൻ തുടങ്ങി അന്നത്തെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു. അതിനിടെയാണ് “ബീന”യിൽ കൂടെ അഭിനയിച്ച മുൻനിര നായിക ജയഭാരതി ജീവിതസഖിയാക്കുന്നത്. അന്ന് ജയഭാരതിയെപ്പോലെ ഒരു നടിയെ സത്താർ ജീവിതസഖിയാക്കുന്നത് സിനിമാലോകം അസൂയയോടെയാണ് നോക്കിക്കണ്ടത്. പിന്നീട് ഇരുവരും വേർപിരിയേണ്ടി വന്നത് സത്താറിനെ ഏറെ ദുഃഖത്തിലാഴ്ത്തി.

എന്നാൽ വേർപിരിഞ്ഞിട്ടും ഇരുവരും അടുപ്പം സൂക്ഷിച്ചു. ജയഭാരതി തന്നെയായിരുന്നു സത്താറിന് എല്ലാം. ഇരുവരും പലപ്പോഴും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവസാന കാലത്ത് സത്താറിൻ്റെ അസുഖബാധയെക്കുറിച്ചറിഞ്ഞതുമുതൽ ജയഭാരതിയും മകൻ കൃഷ് സത്താറും പരിചരിക്കാൻ ഒപ്പമുണ്ടായിരുന്നു. മലയാളികൾക്ക് പരിചയമില്ലാത്ത മാനസിക ബന്ധം ഇരുവരും കാത്ത് സൂക്ഷിച്ചിരുന്നു.

Top