ദിലീപിന് അഗ്നിപരീക്ഷ ! പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്

കൊച്ചി: ഇനിയുള്ള ദിവസങ്ങൾ നടൻ ദിലീപിന് അഗ്നിപരീക്ഷ ആണ് .നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച ആരംഭിക്കുകയാണ് .കേസിലെ അനുബന്ധ കുറ്റപത്രത്തിൽ 102 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ സാക്ഷികളായി ഉൾപ്പെടുത്തിയ ചിലരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

രണ്ടാം ഘട്ട കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർ, ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, കാവ്യയുടെ മാതാപിതാക്കൾ, സിദ്ധിഖ്, ദിലീപിന്റെ സഹോദരൻ അനൂപ് തുടങ്ങി ഒന്നാം ഘട്ട കുറ്റപത്രത്തിലുള്ള സാക്ഷികളേയും ഉൾപ്പെടുത്തിയിരുന്നു. മേയക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, നടൻ ചെമ്പൻ വിനോദ്, സംവിധായകൻ ആഷിഖ് അബു എന്നിവരാണ് പുതിയ സാക്ഷികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ കുറ്റപത്രത്തിലെ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഒന്നാം ഘട്ടത്തിൽ വിസ്തരിച്ചവരെ ഇനിയും വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നേരത്തെ ഒന്നാംഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി 9 പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിച്ചെങ്കിലും 5 പേരുടെ വിസ്താരത്തിന് മാത്രമായിരുന്നു കോടതി അനുനതി നൽകിയത്.


ആദ്യം വിസ്തരിച്ച സാക്ഷികളിൽ 22 പേർ കൂറുമാറിയിരുന്നു. ആലുവയിലെ ഡോക്ടർ ഹൈദരലി,കൂടാതെ സിനിമാ മേഖലയിൽ നിന്നുള്ള ചിലരുമാണ് കൂറുമാറിയത്. ഹൈദരലിയെ കൂറുമാറ്റാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചുവെന്ന് വ്യക്താക്കുന്ന ചില ശബ്ദ സംഭാഷണങ്ങൾ നേരത്തേ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.

രണ്ടാം ഘട്ടത്തിൽ പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ് ആണ്. നേരത്തേ മൊഴിമാറ്റിയ സാഗർ പ്രോസിക്യൂഷനായി അനുകൂലമായി മൊഴി തിരുത്തുകയും മൊഴി മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു. കേസിലെ പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടെന്ന് ആദ്യം മൊഴി നൽകിയ സാഗർ പിന്നീട് കോടതിയിൽ മൊഴി മാറ്റുകയായിരുന്നു.

എന്നാൽ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും ഇത് സംബന്ധിച്ച് സുനീറും സാഗറും താമസിച്ചതിന്റെ രേഖകൾ ഉൾപ്പെടേയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയ രഹസ്യ മൊഴിയില്‍ തനിക്ക് അറിയാവുന്നതും മകന്‍ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളാകും കേസിൽ പ്രതിഭാഗത്തെ സംബന്ധിച്ചെടുത്തോളം നിർണായകമാകുക. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈകളിൽ എത്തിയെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത് ആണ് ദൃശ്യങ്ങൾ എത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസിന്റെ വിസ്താരം ബാക്കി നിൽക്കേയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.തുടർന്ന് ആറ് മാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Top