ഇടവേള ബാബുവിന് കൂറ് ദിലീപിനോട് !നടി ആക്രമിക്കപ്പെട്ട കേസിൽ വിരുദ്ധ മൊഴി നൽകി കൂറുമാറി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് അദ്ദേഹം കോടതിയില്‍ നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് നടി അമ്മയില്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഇടവേള ബാബു നേരത്തെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്നാണ് ഇടവേള ബാബു ഇപ്പോള്‍ കോടതിയില്‍ പറഞ്ഞതത്രെ. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. വിചാരണ നടപടികള്‍ രഹസ്യമായാണ് നടക്കുന്നത്. സിനിമാ സര്‍ക്കിളുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി’- ഇതായിരുന്നു അദ്ദേഹം നേരത്തേ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മ ഷോയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായതായി അറിയില്ലെന്നും സിനിമയില്‍ ദിലീപ് അവസരം നിഷേധിക്കുന്നതായി നടി പരാതി പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇടവേള ബാബു ഇന്ന് കോടതിയിൽ നൽകിയ മൊഴി.നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായ നിലപാടാണ് ഇടവേള ബാബു കോടതിയില്‍ സ്വീകരിച്ചത്.

ഇടവേള ബാബു ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ വേളയില്‍ നല്‍കിയ മൊഴിയാണ് ഇടവേള ബാബു മാറ്റിപ്പറഞ്ഞത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നാണ് ഇടവേള ബാബു ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും നടിക്കെതിരെ പ്രതികാര നടപടികള്‍ ദിലീപ് എടുത്തിരുന്നുവെന്നും തെളിഞ്ഞാല്‍ നടിയുടെ വാദത്തിന് ബലം ലഭിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. ദിലീപിന് അനുകൂലമായിട്ടാണ് മൊഴി മാറ്റിയിരിക്കുന്നത്. പോലീസിന് നല്‍കിയ മൊഴി ഇടവേള ബാബു മാറ്റിപ്പറഞ്ഞതോടെ സാക്ഷി കൂറുമറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതി അംഗീകരിക്കുകയും ചെയ്തു.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ അമ്മയെ ഇന്ന് വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, സമയമില്ലാത്തതിനാല്‍ മാറ്റിവച്ചു. അതേസമയം, വിസ്താരത്തിന് വേണ്ടി ഹാജരാകുന്നതില്‍ നടന്‍മാരായ കുഞ്ചാക്കോ ബോബനും മുകേഷും കഴിഞ്ഞദിവസം അവധി ചോദിച്ചിരുന്നു.

ചില തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും അവധി അപേക്ഷ സമര്‍പ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ നേരത്തെ കോടതി അനുവദിച്ച സമയത്ത് ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകുന്നതില്‍ തടസമുണ്ടെന്ന് കാണിച്ച് അവധി അപേക്ഷ നല്‍കിയത്.അതേസമയം, നിയമസഭാ സമ്മേളനം നടക്കുന്ന കാര്യമാണ് മുകേഷ് അവധി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കണമെങ്കില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി നിര്‍ണായകമാണ്.

നേരത്തെ ഒട്ടേറെ നടീ-നടന്‍മാരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

2017ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീടാണ് ദിലീപ് പിടിയിലായത്. 85 ദിവസം കഴിഞ്ഞ ശേഷമാണ് ദിലീപിന് കേസില്‍ ജാമ്യം ലഭിച്ചത്.

Top